ക്രമക്കേട് നടക്കുന്നതിനാൽ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് നിർത്തണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും സിജെപി അന്ത്യശാസനം നൽകി.

ദില്ലി: പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് നിർത്തണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കേ. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും മത്സരിക്കുന്നത് തുടർന്നാൽ അത് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. പ്രതിപക്ഷം എത്ര കാലം ഇങ്ങനെ സഹിച്ച് തുടരുമെന്നാണ് ദിപ്കെയുടെ ചോദ്യം. തങ്ങളെ ബാധിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമക്കേട് നടക്കുമ്പോൾ ബഹളം വയ്ക്കുകയും മറ്റിടങ്ങളിൽ നടക്കുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് തുടരാനാകില്ലെന്ന് അഭിജീത് ദിപ്കെ പ്രതികരിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് സിജെപി ഇന്നലെ അന്ത്യശാസനം നൽകിയിരുന്നു. 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. എസ്ഐആർ നിർത്തിവെക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ കമ്മീഷനിലെ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് അറിയിച്ചെന്നായിരുന്നു റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ വോട്ടർമാർക്കെതിരായ അപ്പീലുകൾ, പുതിയ വോട്ടർമാർക്കുള്ള ഫോം ആറിലെ ചോദ്യങ്ങൾ, പോർട്ടലിന്റെ പൂർണ്ണ നിയന്ത്രണം കേന്ദ്രീകരിച്ചത് തുടങ്ങിയ കാര്യങ്ങളിൽ സി ഇ സി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതാണ് കമ്മീഷനിൽ വൻ ഭിന്നതയ്ക്ക് വഴിവെച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയുടെ വിവരങ്ങൾ പുറത്തു വന്നതോടെയാണ് സിജെപി വീണ്ടും സമര പ്രഖ്യാപനവുമായി രംഗത്തു വന്നത്. ഗോവയിൽ 97 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ രണ്ട് കമ്മീഷണർമാർ ഒന്നിലധികം തവണ ചോദ്യം ചെയ്തു. ഫോം 6 ലെ മാറ്റങ്ങൾ നിയമവിരുദ്ധമെന്ന് കമ്മീഷണർമാർ ഗ്യാനേഷ് കുമാറിനെ നേരിട്ട് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ അവഗണിച്ചതിലുള്ള കടുത്ത അതൃപ്തി കമ്മീഷണർമാർ പ്രകടിപ്പിച്ചു. ഭിന്നത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതിനിടെ ഗ്യാനേഷ് കുമാറിന്‍റെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി. ജെൻസിയുമായുള്ള ഇന്നത്തെ സംവാദവും 28ന് വാരണാസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് റദ്ദാക്കിയത്.

YouTube video player