Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാർ എത്ര ഭാഗ്യവാന്മാർ, ക്രെഡിറ്റ് മോദിക്കും ഷായ്ക്കും: ഇസ്രയേൽ-ഹമാസ് യുദ്ധത്തെ കുറിച്ച് ഷെഹ്‍ല റാഷിദ്

നമ്മുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും എല്ലാം ത്യജിച്ച് സേവനം ചെയ്യുന്നു. കശ്മീരില്‍ സമാധാനം കൊണ്ടുവന്നതിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണെന്ന് ഷെഹ്‍ല റാഷിദ്

How Lucky We Indians Are Shehla Rashid about Middle East criris SSM
Author
First Published Oct 15, 2023, 11:28 AM IST | Last Updated Oct 15, 2023, 11:37 AM IST

ദില്ലി: ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണെന്ന് ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‍ല റാഷിദ്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഷെഹ്‍ലയുടെ പരാമര്‍ശം. കശ്മീരിൽ സുസ്ഥിര സമാധാനവും സുരക്ഷയും ഉറപ്പാക്കിയതിന് സർക്കാരിനും സുരക്ഷാ സേനയ്ക്കും ഷെഹ്‍ല നന്ദി പറഞ്ഞു.

സമൂഹ മാധ്യമമായ എക്സില്‍ ഷെഹ്‍ലയുടെ പ്രതികരണം ഇങ്ങനെ- "മിഡിൽ ഈസ്റ്റിലെ സംഭവങ്ങൾ നോക്കുമ്പോൾ, ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. നമ്മുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും എല്ലാം ത്യജിച്ച് സേവനം ചെയ്യുന്നു. കശ്മീരില്‍ സമാധാനം കൊണ്ടുവന്നതിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ്".

മിഡിൽ ഈസ്റ്റ് പ്രതിസന്ധി കാണിച്ചുതരുന്നത് സുരക്ഷ ഇല്ലാതെ സമാധാനം അസാധ്യമാണെന്നാണെന്ന് ഷെഹ്‍ല പറഞ്ഞു. ഇന്ത്യൻ സേനയും സിആര്‍പിഎഫും ജമ്മു കശ്മീർ പൊലീസിലെ ധീരരായ ഉദ്യോഗസ്ഥരും കശ്മീരിൽ സുസ്ഥിര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷെഹ്‍ല എക്സില്‍ കുറിച്ചു.

ജെഎന്‍യു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകയായിരുന്നു ഷെഹ്‍ല റാഷിദ്. 2016ല്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥികളില്‍ ഷെഹ്‍ലയുമുണ്ടായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്‍റാണ് ഷെഹ്‍ല റാഷിദ്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഷെഹ്‍ല സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ആം വകുപ്പ് റദ്ദാക്കിയതിന് എതിരെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ ഹര്‍ജി പിന്‍വലിച്ചു. മോദി സര്‍ക്കാരിന്‍റെ കീഴില്‍ കശ്മീരിലെ മനുഷ്യാവകാശ നില മെച്ചപ്പെട്ടെന്ന് ഷെഹ്ല ആഗസ്ത് 15 ന് പറയുകയുണ്ടായി. പിന്നാലെയാണ് മോദി സര്‍ക്കാരിനെ പുകഴ്ത്തി ഷെഹ്ല രംഗത്തെത്തിയത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios