ദില്ലി: ലോക്ക്‌ഡൗൺ കാലയളവിൽ പലായനത്തിനിടെ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്‌ഡൗണില്‍ ഒരു കോടിയിൽപരം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. ഇതിൽ 63 ലക്ഷം തൊഴിലാളികളാണ് റെയിൽവേ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ മടങ്ങിയത്. ബാക്കിയുള്ളവർ എങ്ങിനെ മടങ്ങിയെന്നോ, മരിച്ചവർ എത്രയെന്നോ, മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൊഴില്‍ മന്ത്രാലയം മറുപടി നൽകിയില്ല.

ശ്രമിക് ട്രെയിനില്‍ ഉള്‍പ്പടെ യാത്ര ചെയ്‌തവര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളിക്കളഞ്ഞ് അന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം രംഗത്തെത്തി. ലോക്ക്‌ഡൗണില്‍ കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ പലരും പാതി വഴിയില്‍ മരിച്ചുവീണതിന്‍റെ നിരവധി വാര്‍ത്തകളും രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തിലൊന്നും കൃത്യമായ കണക്കുകള്‍ കേന്ദ്രത്തിന്‍റെ പക്കലില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.