ആന്ധ്ര വിഭജനത്തോടെയാണ് തെലുങ്ക് മണ്ണിൽ കോൺഗ്രസിന്റെ അടിത്തറയിളകുന്നത്. അല്ല, വൈഎസ്ആർ കുടുംബം ഇളക്കുന്നത്. അതേ വൈഎസ്ആർ കുടുംബത്തിലെ അംഗത്തെത്തന്നെ രംഗത്തിറക്കി കൈവിട്ട മണ്ണ് തിരിച്ചുപിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
തെലങ്കാന നൽകിയ ആത്മവിശ്വാസത്തിൽ ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുകയാണ് കോൺഗ്രസ്. ഇനി കോൺഗ്രസിന്‍റെ അടുത്ത ലക്ഷ്യം ആന്ധ്രപ്രദേശ്. കർണാടകക്കും തെലങ്കാനക്കും പിന്നാലെ ഒരിക്കൽ അടിപതറിയ ആന്ധ്ര കൂടി തിരിച്ചുപിടിക്കാനുള്ള കരുനീക്കങ്ങൾ അവർ തുടങ്ങിക്കവിഞ്ഞു. അതിനായി അവർ മുന്നോട്ടുവയ്ക്കുന്നതാകട്ടെ, ഒരിക്കൽ തങ്ങളുടെ പാളയത്തിൽനിന്ന് പടിയിറങ്ങിപ്പോയി ഒടുവിൽ തിരിച്ചെത്തിയ ഒരു വനിതാ നേതാവിനെയും. വൈഎസ് ശർമിളയുടെ ഈ മടങ്ങിവരവ് സ്വന്തം സഹോദരന്റെ രാഷ്ട്രീയ എതിരാളിയായിട്ടാണ്. ആ സഹോദരനാണ് ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രി. കേൾക്കുമ്പോൾ ഒരു തെലുങ്ക് മാസ് മസാല സിനിമ പോലെ തോന്നാനിടയുണ്ട് ആന്ധ്ര രാഷ്ട്രീയത്തിൽ നടക്കുന്ന ഈ സംഭവവികാസങ്ങൾ. അത്രയേറെ ട്വിസ്റ്റുകൾ, അത്രയും ത്രില്ലിംഗ്.
ആന്ധ്ര വിഭജനത്തോടെയാണ് തെലുങ്ക് മണ്ണിൽ കോൺഗ്രസിന്റെ അടിത്തറയിളകുന്നത്. അല്ല, വൈഎസ്ആർ കുടുംബം ഇളക്കുന്നത്. അതേ വൈഎസ്ആർ കുടുംബത്തിലെ അംഗത്തെത്തന്നെ രംഗത്തിറക്കി കൈവിട്ട മണ്ണ് തിരിച്ചുപിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. വൈഎസ്ആർ, യെദുഗുരി സന്ദിന്തി രാജശേഖര റെഡ്ഡി, തെലുങ്ക് രാഷ്ട്രീയത്തിലെ അതികായൻ. സമാനതകളില്ലാത്ത നേതാവ്. ആന്ധ്രയിൽ കോൺഗ്രസിന്റെ മുഖമായിരുന്നു വൈഎസ് രാജശേഖര റെഡ്ഢിയെന്ന വൈഎസ്ആർ. സുദീർഘവും സംഭവ ബഹുലവുമായ രാഷ്ട്രീയ ജീവിതവും ദുരൂഹമായ മരണവും.
2009 ൽ ഹെലികോപ്റ്റർ തകർന്നുള്ള അദ്ദേഹത്തിന്റെ മരണത്തിൽ മനംനൊന്ത് അന്ന് ആന്ധ്രാപ്രദേശിൽ ആത്മഹത്യ ചെയ്തും അല്ലാതെയും മരിച്ചത് 122 ഓളം പേരാണ്. അന്ന് വൈഎസ്ആറിന്റെ രാഷ്ട്രീയ പിന്തുടർച്ച മകൻ വൈഎസ് ജഗൻ മോഹൻ റെഡ്‌ഡിയിലൂടെയായിരിക്കുമെന്ന് ആന്ധ്ര ഏതാണ്ട് ഉറപ്പിച്ചിരുന്നു. അവിടെ കോൺഗ്രസിന്റെ പുതിയ നേതാവായി ജഗൻ ഉദിച്ചുയരുന്നതും വളർന്നുപന്തലിക്കുന്നതും കാത്ത് അവരിരുന്നു. പക്ഷേ തന്റെ അച്ഛന്റെ മരണത്തിൽ മനംനൊന്ത ജനങ്ങളെ ആശ്വസിപ്പിക്കാൻ ജഗൻമോഹൻ റെഡ്ഢി നടത്തിയ ഒദർപ്പ് യാത്ര അഥവാ സാന്ത്വന യാത്രയിൽ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഈ യാത്രക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം രംഗത്തുവന്നു.
യാത്രയിൽ ജഗൻ നടത്തിയ ചില പരാമർശങ്ങളും വിവാദമായി. കൂടാതെ കോൺഗ്രസിന്റെ 125 ആം വാർഷികവുമായി ബന്ധപ്പെട്ട് തെലുങ്ക് ടെലിവിഷൻ ചാനലായ സാക്ഷി ടിവി അവതരിപ്പിച്ച ഒരു പരിപാടിയിൽ സോണിയ ഗാന്ധിയെയും മൻമോഹൻ സിങ്ങിനെയും അപമാനിച്ചെന്ന പരാതികൾ അന്നുയർന്നിരുന്നു. ഈ ചാനൽ ജഗൻ മോഹൻ റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇതും വലിയ ചർച്ചകളും വിവാദങ്ങളുമുണ്ടാക്കി. എല്ലാമായതോടെ ഹൈക്കമാൻഡും ജഗനെതിരായി. കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താൻ ജഗൻ മോഹൻ റെഡ്ഢിയുടെ അമ്മ വൈഎസ്. വിജയലക്ഷ്മിയും സഹോദരി വൈഎസ് ശർമിളയും ദില്ലിയിലെത്തി. പക്ഷേ ചർച്ചകളൊന്നും ഫലം കണ്ടില്ല.

ഇതോടെ ആ അമ്മയും മക്കളും കോൺഗ്രസ് പാർട്ടി വിടാൻതന്നെ തീരുമാനിച്ചു. അവർ ആന്ധ്രയിലേക്ക് തിരികെവന്നു. കോൺഗ്രസിൽനിന്ന് രാജിവച്ച് പുതിയൊരു പാർട്ടിക്ക് രൂപം നൽകി. വൈഎസ്ആർ കോൺഗ്രസ്, യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി. പക്ഷേ പാർട്ടി രൂപീകരിച്ച അടുത്ത വർഷം 2012 ൽ അനധികൃത സ്വത്തുസമ്പാദന കേസിൽ ജഗൻ മോഹൻ റെഡ്ഢി അറസ്റ്റിലായി. വൈഎസ്ആർ കോൺഗ്രസ് എന്ന പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ മുഴുവൻ വിജയമ്മ എന്ന വിജയലക്ഷ്മിയുടെയും മകൾ ശർമിളയുടെയും ചുമലിലായി.
സഹോദരനെപ്പോലെ തന്നെയായിരുന്നു ശർമ്മിളയും. കൃത്യമായ ആസൂത്രണങ്ങൾ, പദ്ധതികൾ, രാഷ്ട്രീയ കരുനീക്കങ്ങൾ, നേതൃത്വ പാടവം. എല്ലാത്തിലും ശർമിള ജഗൻ മോഹൻ റെഡ്ഢിയുടെ അതേ സൂക്ഷ്മത പുലർത്തി. ജഗൻ അറസ്റ്റിലായ 2012 ൽ വിഭജിക്കാത്ത ആന്ധ്രയിലൂടെ ശർമിള 3112 കിമീ നീളുന്ന പദയാത്ര നടത്തി. ഇതുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു. ഒരേസമയം വൈഎസ്ആർ കോൺഗ്രസിന്റെ വളർച്ചക്കും കോൺഗ്രസ് പാർട്ടിയുടെ തകർച്ചക്കും ഈ യാത്ര തുടക്കമിട്ടു. 2014ലെ തിരഞ്ഞെടുപ്പിൽ പാർട്ടി 70 സീറ്റുകള്‍ നേടി.
തുടർന്ന് നടന്ന ആന്ധ്രാപ്രദേശിന്റെ വിഭജനമാണ് ഇരുപാർട്ടികളുടെയും തലവര പൂർണ്ണമായി മാറ്റിയെഴുതിയത്. YSR ന്റെ കാലത്തുതന്നെ അദ്ദേഹവും ജഗൻ മോഹൻ റെഡ്ഢിയും സംസ്ഥാനത്തെ വിഭജിക്കുന്നതിന് എതിരായിരുന്നു. വിഭജനം പാടില്ലെന്ന നിലപാടിൽത്തന്നെ ജഗൻ ഉറച്ചുനിന്നു. എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ തെലുങ്ക് മണ്ണ് രണ്ടായി പിരിഞ്ഞു. ആന്ധ്രപ്രദേശും തെലങ്കാനയും രണ്ട് സംസ്ഥാനങ്ങളായി. ഇത് ആന്ധ്രയിലെ ജനങ്ങളെ വലിയ അളവിൽ ബാധിച്ചു. അവർ കോൺഗ്രസിനെ പകയോടെ ശത്രുപക്ഷത്ത് നിർത്തി. 2019ലെ തിരഞ്ഞെടുപ്പിൽ 175ൽ 151 സീറ്റുകൾ നേടി വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലേറി. ആ വർഷം വൈഎസ്ആറിന്റെ ജീവിതം പ്രമേയമാക്കി തെലുങ്കിൽ പുറത്തിറങ്ങിയ വൈഎസ്ആർ യാത്ര എന്ന മമ്മൂട്ടി ചിത്രവും പാർട്ടിയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

അങ്ങനെ 2014 ൽ പ്രതിപക്ഷനേതാവായിരുന്ന ജഗൻമോഹൻ റെഡ്ഢി 2019 ൽ മുഖ്യമന്ത്രിയായി. കോൺഗ്രസിന് ഒരു സീറ്റ് പോലും അവിടെ നേടാനായില്ല. പക്ഷേ തന്റെ എതിരാളികളെ നിലംപരിശാക്കി മുഖ്യമന്ത്രി കസേരയിലെത്തിയ ജഗൻ മോഹൻ റെഡ്ഢിയെക്കാത്ത് പുതിയൊരു രാഷ്ട്രീയ എതിരാളി ഉദയം യ്യുകയായിരുന്നു. വൈഎസ് ശർമ്മിള. ജഗൻ മോഹൻ റെഡ്ഢിയുടെ സ്വന്തം സഹോദരി. ഇരുവരും ചേർന്ന് പാർട്ടിയെ നയിക്കുമെന്ന് കരുതിയിടത്ത് അധികാരം ജഗനിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. YSR ന്റെ സ്വത്ത് സംബന്ധിച്ച തർക്കവും ഇരുവർക്കുമിടയിൽ അകൽച്ച വർധിപ്പിച്ചു.
മുഖ്യമന്ത്രി പദം കൂടി സ്വന്തമായതോടെയും പാർട്ടിയും അധികാരവുമെല്ലാം പൂർണ്ണമായും ജഗന്റെ മാത്രം നിയന്ത്രണത്തിലായി. ജഗൻമോഹൻ റെഡ്ഢി മുഖ്യമന്ത്രിയായ ശേഷം കുറച്ച് വർഷങ്ങൾ ശർമ്മിള പൊതുരംഗത്ത് അത്ര സജീവമായിരുന്നില്ല. 2021 ലാണ് ശർമിള വീണ്ടും സജീവ രാഷ്ട്രീയത്തിൽ ഇടപെടുന്നത്. എന്നാൽ ഇത് ജഗൻ മോഹൻ റെഡ്ഢിയും മുതിർന്ന ചില നേതാക്കളും എതിർത്തു. തുടർന്ന് ശർമ്മിളയും സഹോദരനെതിരെ തിരിഞ്ഞു. വൈഎസ്ആറിന്റെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവും പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ടിരുന്ന കഡപ്പ എംപി അവിനാഷ് റെഡ്ഡിക്കുള്ള ജഗന്റെ പിന്തുണയുമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

അങ്ങനെ നാളുകൾ നീണ്ട ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങൾക്കൊടുവിൽ ആ സഹോദരങ്ങൾ പൂർണ്ണമായും അകന്നു. ശർമിളയും അമ്മ വിജയമ്മയും പാർട്ടി വിട്ടു. 2021ൽ വൈഎസ്ആറിന്റെ ജന്മദിനമായ ജൂലൈ എട്ടിന് ശർമിള തന്റെ സ്വന്തം പാർട്ടിയായ വൈഎസ്ആർ തെലങ്കാന പാർട്ടി പ്രഖ്യാപിച്ചു. പിന്തുണയുമായി ഒപ്പം അമ്മയുമുണ്ടായിരുന്നു. എങ്കിലും സഹോദരനുമായി നേരിട്ട് ഏറ്റുമുട്ടാൻ അപ്പോഴും ശർമ്മിള തയാറായിരുന്നില്ലെന്നുവേണം കരുതാൻ. തെലങ്കാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ശർമിളയുടെ നീക്കങ്ങൾ. തന്റെ തട്ടകം തെലങ്കാനയിലേക്ക് മാറ്റാനായിരുന്നു അവരുടെ ശ്രമം.
കോണ്‍ഗ്രസിനും ബിആര്‍എസിനും എതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു തെലങ്കാന രാഷ്ട്രീയത്തിലേക്കുള്ള ശര്‍മിളയുടെ കടന്നുവരവ്. കെ.ചന്ദ്രശേഖര റാവു സർക്കാരിനെതിരെ ശർമിള തുടർച്ചയായി രംഗത്തുവന്നു. പലവട്ടം അറസ്റ്റ് ചെയ്യപ്പെട്ടു. വൈകാതെതന്നെ കോൺഗ്രസിനൊപ്പം കൂടുന്നതാണ് തന്റെ രാഷ്ട്രീയ ഭാവിക്ക് കൂടുതൽ സുരക്ഷിതമെന്ന് മനസിലാക്കിയ ശർമിള തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനും ശ്രമം നടത്തി. പക്ഷേ വീണ്ടുമൊരു അധികാരസ്ഥാനംകൂടി തെലങ്കാന കോൺഗ്രസിൽ ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ശർമിളയുടെ പ്ലാനുകൾ വെട്ടി.
ശർമിളയും ആലോചിച്ചുതന്നെ നീങ്ങി. അവർ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടുനിൽക്കുകയും കോൺഗ്രസിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഇത് പാർട്ടിയുടെ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കാരണമായതോടെ കോൺഗ്രസും ശർമ്മിളക്ക് പച്ചക്കൊടി കാണിച്ചു. തെലങ്കാനയിലല്ല, ആന്ധ്രയിലാണ് ശർമ്മിള ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന തീരുമാനത്തിൽ ഹൈക്കമാന്റുമെത്തി. ഒടുവിൽ 14 വർഷം മുമ്പ് ഇറങ്ങിപ്പോന്ന പാർട്ടിയിലേക്ക് ശർമ്മിള മടങ്ങിയെത്തി. തങ്ങളെ ആന്ധ്രയിൽനിന്ന് തുടച്ചുമാറ്റിയ അതേ വൈഎസ്ആർ കുടുംബത്തിലെ കണ്ണിയെക്കൊണ്ടുതന്നെ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന കോൺഗ്രസിന് ഇതൊരു മധുരപ്രതികാരം കൂടിയായി.

പക്ഷേ ഒരുപാട് കളികൾ കണ്ടും പഠിച്ചും കളിച്ചുമെത്തിയ ജഗൻ മോഹൻ റെഡ്ഢി എങ്ങനെയാകും ഈ നീക്കത്തെ നേരിടുകയെന്നത് നിർണ്ണായകമാണ്. 2019 ൽ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതും ഇതിന്റെ ഭാഗമാണ്. ഒന്നാം ഭാഗത്തിൽ പറഞ്ഞിരുന്നത് 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയായിരുന്നുവെങ്കിൽ വൈഎസ്ആറിന്റെ മരണവും തുടർന്ന് ജഗൻ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാകും രണ്ടാം ഭാഗത്തിലുണ്ടാവുക. വൈഎസ്ആർ ആയി മമ്മൂട്ടി എത്തുമ്പോൾ നടൻ ജീവയാണ് ജഗൻ മോഹൻ റെഡ്ഢിയാവുക. അധികാരക്കൊതി മൂത്ത സഹോദരി അമ്മയെ കൂട്ടുപിടിച്ച് ആന്ധ്ര ജനതയുടെ പുത്രനായ ജഗനെ ഒറ്റപ്പെടുത്തുന്നുവെന്ന തരത്തിലെ കാമ്പയിനുകളും പ്രചാരണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ മുന്നിൽനിന്ന് നയിക്കുകയും വളർത്തുകയും ചെയ്ത ശർമിളയെ ജഗന്റെ അസ്ത്രമെന്നാണ് അനുയായികൾ ഒരുകാലത്ത് വിളിച്ചിരുന്നത്. ഇന്ന് ആ അസ്ത്രം ജഗൻ മോഹൻ റെഡ്ഢിക്കുനേരെത്തന്നെ വരികയാണ്. തെരഞ്ഞെടുപ്പിൽ സഹോദരങ്ങൾ നേർക്കുനേരെത്തുമോ? എന്തായിരിക്കും ഇരുകൂട്ടരും മനസ്സിൽ കാണുന്നത്? ഇനിയെന്താണ് തെലുങ്ക് മണ്ണിൽ സംഭവിക്കുകയെന്ന ആകാംക്ഷയിൽ ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം.

