ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ-ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. ഉപരോധം മറികടന്ന് 34 ടാങ്കറുകൾ പോയതായും ഇറാൻ അവകാശപ്പെടുന്നുണ്ട്

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കാൻ അമേരിക്ക തയാറാവത്തതിന് പിന്നാലെ ഹോർമൂസിനോട് ചേർന്നുള്ള പ്രദേശത്തെ കപ്പലുകളെ ആക്രമിച്ച് ഇറാൻ. ഒമാൻ, ഇറാൻ തീരങ്ങളോട് ചേർന്ന് രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. അമേരിക്കൻ - ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പലുകൾ പിടിച്ചെടുത്തെന്നും ഇറാൻ അവകാശപ്പെട്ടു. എം എസ് സി ഫ്രാൻസിസ്ക, എപാമിനോഡസ് എന്നീ കപ്പലുകൾ ആണ് പിടിച്ചെടുത്തത് എന്ന് ഇറാൻ സായുധ സേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (ഐ ആ‌ർ ജി സി) അവകാശവാദം. ഹോർമൂസിലെ അമേരിക്കൻ ഉപരോധത്തെയും ഇറാൻ മാധ്യമങ്ങൾ പരിഹസിച്ചു. 34 ടാങ്കറുകൾ അമേരിക്കൻ ഉപരോധം മറിടകടന്നെന്നാണ് ഇറാൻ മാധ്യമങ്ങളുടെ അവകാശവാദം. പാകിസ്ഥാനിലെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടും അമേരിക്ക വെടിനിർത്തൽ നീട്ടിയത് തങ്ങളുടെ വിജയമാണെന്നും ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്.

വിശദവിവരങ്ങൾ

ഒമാൻ തീരത്തിന് 15 നോട്ടിക്കൽ മൈൽ അകലെ ഗൺബോട്ടിലെത്തിയ ഐ ആർ ജി സി സംഘമാണ് ചരക്കു കപ്പലിന് നേരെ വെടിയുതിർത്തത്. കപ്പലിന്റെ ബ്രിഡ്ജിന് തകരാറുണ്ടായെന്ന് യു കെ മാരിടൈം ഏജൻസി വ്യക്തമാക്കി. ആർക്കും പരിക്കില്ലെന്നും യു കെ മാരിടൈം ഏജൻസി അറിയിച്ചു. ഇറാൻ തീരത്തോട് ചേർന്നാണ് മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ടത്. കടന്നുപോകാൻ ശ്രമിച്ച കപ്പൽ വെടിവെച്ച് നിർത്തിക്കുകയായിരുന്നു എന്നാണ് ഐ ആർ ജി സി പറയുന്നത്. അമേരിക്കൻ - ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പൽ പിടിച്ചെടുത്തെന്നും ഇറാൻ അവകാശപ്പെട്ടു. നിയന്ത്രണം മറികടന്നു പോകാൻ ശ്രമിച്ചെന്ന് കാട്ടിയാണ് പിടിച്ചെടുത്തതെന്നാണ് അവകാശവാദം. നാവിക ഉപരോധം നീക്കാൻ തയാറാകാതെയും, ചർച്ച നടക്കാതെയും ഇരിക്കുന്ന ഘട്ടം സമുദ്ര ഗതാഗതം കൂടുതൽ അനിശ്ചിതത്വത്തിലായിട്ടുണ്ട്. പുതിയ തിയതി പോലും പറയാതെയാണ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ നീട്ടിയത് എന്നതിനാൽ ഇത് നീളാനും സാധ്യതയുണ്ട്. ഇറാൻ ചർച്ചയിൽ നിന്ന് വിട്ടു നിന്നിട്ടും ഏകപക്ഷീയമായി വെടിനിർത്തൽ നീട്ടിയത് വിജയമാണന്നാണ് ഇറാൻ സേനകൾ അവകാശപ്പെടുന്നത്. 34 ടാങ്കറുകൾ അമേരിക്കൻ ഉപരോധം മറിടകടന്നതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ഹോർമൂസിലെ ഉപരോധം നീളുന്നത് യുദ്ധത്തോളം തന്നെ കടുപ്പമേറിയതാണ് ഇറാന്. കപ്പലുകൾ വിട്ടുനൽകാൻ യു എൻ ഇടപെടണമെന്ന് ഇറാൻ കത്തയച്ചു. ഇറാൻ പരമോന്നത നേതാവെടുക്കുന്ന തീരുമാനമായിരിക്കും ചർച്ചയുടെ കാര്യത്തിൽ പ്രധാനം.