ദില്ലി: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ യു പി പൊലീസിന് നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടി റിപ്പോർട്ട് നാലാഴ്‍ച്ചയ്ക്കകം കൈമാറണമെന്നാണ് നിര്‍ദേശം. കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയിലാണ് ഇടപെടൽ. ഹാഥ്റസിലെ ബലാൽസംഗ കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്. രണ്ട് മാസത്തിലധികമായി യുപിയിലെ മഥുര ജയിലിൽ കഴിയുകയാണ് കാപ്പൻ.

സിദ്ദിഖ് കാപ്പന്‍റെ കേസ് സുപ്രീംകോടതി ജനുവരി മൂന്നാംവാരത്തിലേക്ക് മാറ്റിവെച്ചു. കേസിൽ ഉത്തര്‍പ്രദേശ് പൊലീസ് നൽകിയ പുതിയ സത്യവാംങ്മൂലത്തിന് മറുപടി നൽകാൻ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ അഭിഭാഷകൻ കപിൽ സിബൽ  സമയം ചോദിച്ചപ്പോഴാണ് കേസ് ജനുവരി മാസത്തേക്ക് ചീഫ് ജസ്റ്റിസ് മാറ്റിവെച്ചത്.