ദില്ലി: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ട്വീറ്റ്

'ബുറേവി ചുഴലിക്കാറ്റ് മൂലം   കേരളത്തിലെ  സ്ഥിഗതികളെക്കുറിച്ചു  മുഖ്യമന്ത്രി  പിണറായി വിജയനുമായി  സംസാരിച്ചു. കേരളത്തെ സഹായിക്കാൻ  കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ   സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.'

അതേസമയം ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ തമിഴ്നാട്ടിലും തുടര്‍ന്ന് കേരളത്തിലും എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക. 

ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യം ആണ് മുന്നിലുള്ളത്. അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുത്തണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ അടക്കം നടപടി എടുക്കും.

ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം നാളെ ഉച്ചക്ക് ശേഷം തലസ്ഥാന ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.