ഗുരുതരമായി പരിക്കേറ്റ ഇരുവരും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും വെട്ടേറ്റു. ആനമങ്ങാട് സ്വദേശി ചക്കുപുരക്കല്‍ ഷംസുദ്ദീന്‍, ഭാര്യ സമീറ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലാണ് സംഭവം.

സമീറയും മക്കളും താമസിക്കുന്ന വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലെ സ്ഥലത്തു നിന്നും മുന്‍ ഭര്‍തൃസഹോദരന്‍ മരങ്ങള്‍ മുറിച്ചു കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് സമിറ മേലാറ്റൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തലക്ക് പിന്നില്‍ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷംസുദ്ദീന്റെ കൈക്കും വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ ഇരുവരും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലെ ഫൈസലിന്റെ (49) പേരില്‍ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു.