Asianet News MalayalamAsianet News Malayalam

മകളെ നോക്കി വീട്ടിലിരുന്നാല്‍ മതിയെന്ന് ഭര്‍ത്താവ്; സിന്ദൂരം കഴിച്ച് ഭാര്യയുടെ ആത്മഹത്യ

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം. ലോക്ക്ഡൌണ്‍ കാലത്താണ് ഇയാള്‍ ധന്‍പൂരിലേക്ക് മടങ്ങിയെത്തിയത്. നാലുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ സൂറത്തിലേക്ക് മടങ്ങിയത്. 

husband denies to take wife to surat wife commit suicide by consuming Sindoor
Author
Dhanpur, First Published Dec 10, 2020, 8:51 PM IST

ലക്നൌ: മകളെ നോക്കി വീട്ടിലിരുന്നാല്‍ മതിയെന്ന നിലപാടില്‍ ഭര്‍ത്താവ്, സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്ത് ഭാര്യ. ഉത്തര്‍ പ്രദേശിലെ ധന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. രണ്ടുവയസുകാരിയായ മകളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് വീട്ടില്‍ തന്നെ കഴിയാന്‍ ഭര്‍ത്താവ് നിര്‍ദ്ദേശിച്ചതാണ് കടുത്ത നടപടിയിലേക്ക് ഭാര്യയെ നയിച്ചത്. സരസ്വതി ദേവി എന്ന ഇരുപത്തിയാറുകാരിയാണ് ആത്മഹത്യ ചെയ്തത്.

സരസ്വതിയുടെ ഭര്‍ത്താവ് വികാസ് ബിന്ദ് ജോലി ചെയ്തിരുന്നത് സൂറത്തിലായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം. ലോക്ക്ഡൌണ്‍ കാലത്താണ് ഇയാള്‍ ധന്‍പൂരിലേക്ക് മടങ്ങിയെത്തിയത്. നാലുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ സൂറത്തിലേക്ക് മടങ്ങിയത്. ഭര്‍ത്താവിനൊപ്പം സൂറത്തിലേക്ക് പോകണമെന്ന് സരസ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഭര്‍ത്താവ് സമ്മതിക്കാതെ വന്നതാണ് ആത്മഹത്യയിലേക്ക് സരസ്വതിയെ നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഭര്‍ത്താവ് സൂറത്തിലേക്ക് മടങ്ങിയതിന് പിന്നാലെ സിന്ദൂരം കഴിച്ചാണ് സരസ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സരസ്വതിയെ അവശനിലയില്‍ ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ഇവരുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. സിന്ദൂരത്തിലടങ്ങിയ മെര്‍ക്കുറി സള്‍ഫൈഡ്, ലെഡ് എന്നിവയാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര അളവിലാണ് സരസ്വതി ഇത് കഴിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. സാധാരണ ഗതിയില്‍ മഞ്ഞളും, ചീനക്കാരവും, ചുണ്ണാമ്പുകല്ലും ചേര്‍ത്താണ് സിന്ദൂരം നിര്‍മ്മിക്കുന്നത്. എന്നാല്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സിന്ദൂരത്തില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മെര്‍ക്കുറിയുടെ സംയുക്തങ്ങള്‍ ശരീരത്തിനകത്ത് ചെല്ലുന്നത് അപകടകരമാണ്. 

Follow Us:
Download App:
  • android
  • ios