നിരോധനമുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങളുടെ ഭാഗങ്ങളായി ഇവ അനധികൃതമായി വിപണിയിലെത്താറുണ്ട്.
ഹൈദരാബാദ്: ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന് മരിച്ചതോടെയാണ് ചൈനീസ് മാഞ്ച എന്ന പട്ടച്ചരട് വീണ്ടും ചര്‍ച്ചയായത്. പട്ടം പറത്താനായി ഗ്ലാസ് പൂശിയ സിന്തറ്റിക് ചരടാണ് ചൈനീസ് മാഞ്ചയെന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളത്. മോണോ ഫിലമെന്റ് ഫിഷിംഗ് ലൈനുകള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മാണം. മനുഷ്യജീവനും പക്ഷികള്‍ക്കും ആപത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017ലാണ് ഇത് രാജ്യത്ത് നിരോധിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലില്‍ പൊലീസും ദില്ലി സര്‍ക്കാരും വിവിധ ആക്ടിവിസ്റ്റുകളും നല്‍കിയ മുന്‍ നിവേദനങ്ങളെ തുടര്‍ന്നായിരുന്നു തീരുമാനം.
നിരോധനമുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങളുടെ ഭാഗങ്ങളായി ഇവ അനധികൃതമായി വിപണിയിലെത്താറുണ്ട്. ഇന്ത്യന്‍ മാഞ്ചയെക്കാള്‍ എപ്പോഴും ചൈനീസ് മാഞ്ചയ്ക്കാണ് ആവശ്യക്കാരേറെയെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ചൈനീസ് മാഞ്ച വളരെ അപകടകരമാണ്. എങ്കിലും ആളുകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
ഹൈദരാബാദില്‍ ശനിയാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന്‍ മരിച്ചത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വര്‍ റെഡ്ഢി (30)യാണ് മരിച്ചത്. ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലാംഗര്‍ ഹൗസ് പ്രദേശത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പട്ടച്ചരട് കഴുത്തില്‍ കുരുങ്ങിയതോടെ കോടേശ്വര്‍ റെഡ്ഢിയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൊണ്ടയിലുണ്ടായ മുറിവും തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നുമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ദില്ലിയില്‍ നിന്ന് സ്ഥലമാറ്റം കിട്ടി കഴിഞ്ഞ മാസമാണ് കോടേശ്വര്‍ റെഡ്ഢി ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചത്. ഭാര്യ പ്രത്യുഷ. രണ്ട് വയസുള്ള മകളുമുണ്ട്. ഗോല്‍ക്കൊണ്ട സൈനിക കേന്ദ്രത്തില്‍ വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംഭവത്തില്‍ കേസെടുത്തതായി ലാംഗര്‍ ഹൗസ് പൊലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. സ്ഥലത്ത് പട്ടച്ചരട് വില്‍ക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
'സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ചുംബനം': നടപടി വേണമെന്ന് എംവിഡിയോട് സോഷ്യൽമീഡിയ, വീഡിയോ

