ദില്ലി: ഹൈദരാബാദിലെ ദിശ കേസ് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നത് ഡിസംബർ 11ലേക്ക് മാറ്റി. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹർജി. അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മണിയാണ് ഹർജി നൽകിയത്. കേസ് ഡിസംബർ 11 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയാണ് അറിയിച്ചത്.

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലക്കേസിൽ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടംഗ പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയോഗിച്ചത്. രചകൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം ഭഗവതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ.  

വിഷയത്തിൽ ജു‍ഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തെലങ്കാന സർക്കാർ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയായ ശേഷം ഈ സംഘം സർക്കാരിനും കോടതിക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് തെലങ്കാന സർക്കാർ വ്യക്തമാക്കിയത്. 

ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേർ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം.