ഹൈദരാബാദ്: ദേശീയ ശ്രദ്ധ നേടിയ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. തപാൽ വോട്ടുകളെണ്ണിയപ്പോൾ മുന്നിട്ട് നിന്ന ബിജെപി ആധിപത്യം ഇപ്പോഴും പുലർത്തുന്നുണ്ട്. നിലവിൽ ബിജെപി 50 ഇടത്തും ടിആർഎസ് 28 ഇടത്തും എഐഎംഐഎം 12 ഇടത്തും കോൺഗ്രസ് ഒരിടത്തും മുന്നിട്ട് നിൽക്കുന്നു.

നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഫല പ്രഖ്യാപനങ്ങളും ലീഡ് നിലയും അറിയുന്നത് വൈകുമെന്നാണ് വിവരം.

നിയമ സഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്ക് സമാനമായ രീതിയിൽ ചരിത്രത്തിലില്ലാത്ത രീതിയിലുള്ള പ്രചരണമാണ് ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലുണ്ടായത്. ടിആർഎസിന്‍റെ ആധിപത്യം അവസാനിപ്പിക്കാനും ദക്ഷിണേന്ത്യ പിടിക്കാനുള്ള ആദ്യ ചുവട് എന്ന നിലയിലുമാണ് തെരഞ്ഞെടുപ്പിനെ ബിജെപി നോക്കിക്കാണുന്നത്. മുസ്ലിം ജനസംഖ്യ കൂടി ഹൈദരാബാദിൽ വലിയ മുന്നേറ്റം നേടാനായാൽ അത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള നേതാക്കൾ ഹൈദരാബാദിലെത്തിയിരുന്നു. അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റോഡ് ഷോകൾ നടത്തി. ബിജെപി പ്രസിഡന്റ്  ജെപി നദ്ദ, സ്മൃതി ഇറാനി, പ്രകാശ് ജാവേദ്ക്കർ അടക്കമുള്ള കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തി. അതേ സമയം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആർഎസിന്‍റെ പ്രചാരണരംഗത്തെ താരം. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിൽ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്.