വീഡിയോ പുറത്തുവിട്ടതോടെ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷയാണ് ബാധിക്കപ്പെട്ടത്. ബിജെപി, ടിആർഎസ് എംഐഎം കൂട്ടുകെട്ടിന്റെ അവിശുദ്ധബന്ധമാണോ വീഡിയോ പുറത്തുവിടാൻ കാരണമെന്നും കോൺഗ്രസ്
ഹൈദരാബാദ്: ഹൈദരാബാദിൽ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്കെതിരെ കോൺഗ്രസ്. ബിജെപി എംഎൽഎ രഘുനാഥ് റാവുവാണ് പെൺകുട്ടിയുടെയും പ്രായപൂർത്തിയാകാത്ത പ്രതികളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടത്.
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ മുതിർന്ന നേതാവിന്റെ മകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി എംഎൽഎയുടെ നടപടി. പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയതാണ് ചിത്രം പുറത്തുവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു.
കേസിലെ പ്രതികളിലൊരാൾ എഐഎംഐഎം എൽഎയുടെ മകനാണെന്ന് കോൺഗ്രസ് എംപി മാണിക്യം ടാഗോർ ആരോപിച്ചു. വീഡിയോ പുറത്തുവിട്ടതോടെ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷയാണ് ബാധിക്കപ്പെട്ടത്. ബിജെപി, ടിആർഎസ് എംഐഎം കൂട്ടുകെട്ടിന്റെ അവിശുദ്ധബന്ധമാണോ വീഡിയോ പുറത്തുവിടാൻ കാരണമെന്നും അദ്ദേഹം ചോദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനേക്കാൾ പ്രധാനമനാണ് ഈ ബന്ധമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളും പ്രതികളും കസ്റ്റഡിയിലായി. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഉന്നതസ്വാധീനമുള്ളവരുടെ മക്കൾ പ്രതികളായ കേസ് പ്രാദേശിക പൊലീസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്നും, സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കാറിൽ വച്ച് ബലാത്സംഗം ചെയ്ത കേസ് രാജ്യമനസാക്ഷിയെത്തന്നെ ഞെട്ടിച്ചിരിക്കുയാണ്.
രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസിൽ കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും. കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പ്രതികളിലൊരാളുടെ എങ്കിലും പേര് പെണ്‍കുട്ടിക്ക് ഓര്‍മ്മിക്കാനായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. രണ്ട് പേര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍.
ഹൈദരാബാദിലെ പബ്ബില്‍ ശനിയാഴ്ച സുഹൃത്തിനൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ ബെന്‍സ് കാറില്‍ കയറ്റിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, AIMIM നേതാവിന്‍റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്‍റെ മകന്‍ എന്നിവര്‍ക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ക്രൂര കൃത്യം നടന്ന ബെൻസ് കാറിന്റെ രജിസ്ട്രേഷൻ ടിആർഎസ് നേതാവിന്റെ പേരിലാണ്. സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതായി ഇന്നലെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പക്കുകയായിരുന്നു. പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പീഡനം നടന്ന ആഡംബര കാറ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൂടാതെ ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ (Hyderabad Minor Girl) ബെൻസ് കാറിൽ കൂട്ട ബലാത്സംഗം (Gand Raped) ചെയ്ത സംഭവത്തില്‍ പബ്ബില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തി. അംനേഷ്യ ആന്‍ഡ് ഇന്‍സോമാനിയ എന്ന പബ്ബിലാണ് പരിശോധന നടന്നത്. പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത് ഈ പബ്ബില്‍ വച്ചാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നൽകിയതിലും അന്വേഷണം നടക്കുന്നുണ്ട്. പബ്ബ് മാനേജറെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ ടിആർഎസിനെതിരെ കടുത്ത വിമർശനമാണ് ബിജെപി ഉയർത്തുന്നത്.
