കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുമൂർത്തിയുടെ ഭാര്യ വെങ്കട മാധവിയെ കാണാനില്ലായിരുന്നു
ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് കായലിൽ തള്ളിയ മുൻ സൈനികൻ ഹൈദരാബാദിൽ പിടിയിലായി. ഹൈദരാബാദിലെ മീർപേട്ടിലുള്ള ജില്ലേലഗുഡയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ ആന്ധ്രയിലെ പ്രകാശം സ്വദേശി ഗുരുമൂർത്തിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുമൂർത്തിയുടെ ഭാര്യ വെങ്കട മാധവിയെ കാണാനില്ലായിരുന്നു. കുടുംബം പൊലീസ് പരാതി നൽകിയതോടെ ഗുരുമൂർത്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ശുചിമുറിയിൽ വച്ചാണ് കൊല നടത്തിയതെന്നും മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്രഷർ കുക്കറിൽ പാകം ചെയ്ത് തൊട്ടടുത്ത കായലിൽ തള്ളി എന്നുമാണ് ഗുരുമൂർത്തി കുറ്റസമ്മതം നടത്തിയത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇക്കാര്യങ്ങൾ പരിശോധിച്ച് വരുന്നതായി അറിയിച്ചു.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോൺസൺ ഓസേപ്പെന്ന് പൊലീസ് സ്ഥിരീകരിച്ചു എന്നതാണ്. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഇയാളെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോൺസൺ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ചെല്ലാനം സ്വദേശിയെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
