വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തട്ടിപ്പ് പുറത്തായത്.
ഹൈദരാബാദ്: അനധികൃത വാടക ഗർഭധാരണ, ശിശു വിൽപ്പന റാക്കറ്റ് ഹൈദരാബാദിൽ പൊലീസ് പിടിയിൽ. ഗോപാലപുരത്തെ സ്വകാര്യ ഐവിഎഫ് സെന്ററിന്റെ ഉടമസ്ഥ ഡോ. നമ്രത അടക്കം എട്ട് പേരാണ് അറസ്റ്റിലായത്. വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തട്ടിപ്പ് പുറത്തായത്. 35 ലക്ഷമാണ് ഫീസായി ഇവരിൽ നിന്ന് വാങ്ങിയത്. സംശയം തോന്നി കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തി. കുഞ്ഞ് ഇവരുടേതല്ലെന്ന് തെളിഞ്ഞതോടെയാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്.
ഗർഭച്ഛിദ്രം നടത്താനായി എത്തുന്ന സ്ത്രീകൾക്ക് പണം വാഗ്ദാനം ചെയ്ത് ഗർഭകാലം മുഴുവൻ കഴിയാനാവശ്യപ്പെടും. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ വാടക ഗർഭധാരണത്തിലൂടെ ജനിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദമ്പതികൾക്ക് കൈമാറുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, 2024 ഓഗസ്റ്റിലാണ് പരാതിക്കാരായ ദമ്പതികൾ ഫെർട്ടിലിറ്റി, ഐവിഎഫ് ചികിത്സകൾക്കായി ഫെർട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചത് ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, പരിശോധനകൾക്ക് ശേഷം വാടക ഗർഭധാരണത്തിന് നിർദ്ദേശിച്ചു. ക്ലിനിക്ക് ഒരു വാടക ഗർഭപാത്രത്തെ ക്രമീകരിക്കുമെന്നും ഭ്രൂണം അതിലേക്ക് മാറ്റുമെന്നും പറഞ്ഞ് ദമ്പതികളെ വിശാഖപട്ടണത്തുള്ള ക്ലിനിക്കിന്റെ മറ്റൊരു ശാഖയിലേക്ക് അയച്ചു.
9 മാസത്തിനിടെ ദമ്പതികൾ ക്ലിനിക്കിന് 35 ലക്ഷം രൂപയോളം പലതവണയായി നൽകി. 2025 ൽ വിശാഖപട്ടണത്ത് വെച്ച് വാടക ഗർഭപാത്രം വഴി ഒരു കുട്ടി സി-സെക്ഷനിലൂടെ ജനിച്ചതായി ദമ്പതികളെ അറിയിച്ചു. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ സഹിതമാണ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയത്.
എന്നാൽ, കുട്ടി വാടക ഗർഭപാത്രത്തിലൂടെ ജനിച്ചതായി രേഖകളിൽ കാണിക്കാത്തത് ദമ്പതികളിൽ സംശയമുണ്ടാക്കി. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ കുട്ടിക്ക് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തി. ക്ലിനിക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ രേഖകൾ നൽകാൻ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ദമ്പതികൾ പോലീസിനെ സമീപിച്ചത്.
ഏജന്റുമാർ വഴി കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തി. കുഞ്ഞിനെ വിറ്റതിന് ചെറിയ തുക മാത്രമാണ് ഇവർക്ക് ലഭിച്ചത്. ശിശു വിൽപ്പന കുറ്റത്തിന് യഥാർത്ഥ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. കുട്ടിയെ നടപടിക്രമങ്ങൾ അനുസരിച്ച് ശിശുവിഹാറിൽ പാർപ്പിച്ചിട്ടുണ്ട്.
