ഹൈദരാബാദ്: തന്‍റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ജീവനോടെ കത്തിക്കണമെന്ന് കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ അമ്മ. എന്‍റെ മകള്‍ നിരപരാധിയായിരുന്നു. സഹോദരിയെ ഫോണില്‍ വിളിച്ച് അപരിചിതര്‍ തന്‍റെ കേടായ ബൈക്ക് നന്നാക്കാനെത്തിയതും തനിക്ക് ഭയമാകുന്നുവെന്നും പറഞ്ഞത് ഞങ്ങള്‍ അറിഞ്ഞില്ല. ഒരു തെറ്റും ചെയ്യാത്ത മകളെ ക്രൂരമായി കൊലപ്പെടുത്തിയവരെ ജീവനോടെ കത്തിക്കണം.

പൊലീസും ഞങ്ങളെ ബുദ്ധിമുട്ടിച്ചു. മകളെ കാണാനില്ലെന്ന പരാതിയുമായി മൂത്ത മകള്‍ ആര്‍ജിഐഎ പൊലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, മകള്‍ ഗച്ചിബൗളിയിലേക്ക് പോയിയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് പറഞ്ഞത്.

ഷംഷബാദ് പൊലീസ് സ്റ്റേഷനിലേക്ക് പോകാനാണ് ആര്‍ജിഐഎ പൊലീസ് പറഞ്ഞത്. അവരുടെ സമീപനം അംഗീകരിക്കാനാകില്ലെന്നും അമ്മ പറഞ്ഞു.  ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ രണ്ട് പൊലീസുകാര്‍ തിരച്ചിലിനായി എത്തി. പൊലീസ് കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മകള്‍ രക്ഷപ്പെടുമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു പൊലീസ് സ്റ്റേഷനിലെത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുത്തു. നിര്‍ണായകമായ സമയമാണ് നഷ്ടപ്പെട്ടതെന്നും അമ്മ കുറ്റപ്പെടുത്തി. 

അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പരാതിയുമായി എത്തിയ ഉടനെ നടപടിയെടുത്തെന്ന് സൈദരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു. പരാതി കിട്ടയ ഉടനെ സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് തെലങ്കാനയിലെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം നടന്നു. പ്രതികളെ കോടതിയിലേക്ക് കൊണ്ടും പോകും വഴി ആളുകള്‍ തടിച്ചുകൂടി. പ്രതികള്‍ക്ക്  വധശിക്ഷ ലഭിക്കും വരെ പ്രക്ഷോഭം തുടരുമെന്നും പ്രക്ഷോഭകാരികള്‍ പറഞ്ഞു. പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് മെഹബൂബ്‍നഗര്‍ ബാര്‍ കൗണ്‍സില്‍ അറിയിച്ചു.