രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പരാതിക്കാരന് അനുകൂലമായി വിധി ഉണ്ടായത്. 

ഹൈദരാബാദ്: ലോഗോയുള്ള കാരി ബാഗ് ഉപയോക്താവിന് വിറ്റതിന് പിസ ഔട്ട്ലെറ്റിന് 11,000 രൂപ പിഴ ചുമത്തി. ഹൈദരാബാദ് ജില്ല ഉപഭോക്തൃ ഫോറത്തിന്‍റെതാണ് നടപടി. പിഴ തുക ഉപഭോക്താവിന് പിസ ഔട്ട്ലെറ്റുകാര്‍ കൈമാറണം എന്നാണ് ഫോറത്തിന്‍റെ വിധി. കെ മുരളികുമാര്‍ എന്നയാളാണ് പിസ ഔട്ട്ലെറ്റിനെതിരെ കേസിന് പോയത്,

2019 സെപ്തംബര്‍ 16നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിയില്‍ നിന്നും പിസയ്ക്ക് പുറമേ കാരിബാഗിനായി 7.62 രൂപ അധികമായി പിസ വില്‍പ്പനക്കാര്‍ വാങ്ങി. ഇത് ചോദ്യം ചെയ്തപ്പോള്‍ പിസ ഔട്ട്ലെറ്റുകാര്‍ മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥിയായ മുരളികുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേ സമയം ആരോപണം പിസ ഔട്ട്ലെറ്റുകാര്‍ നിഷേധിച്ചിരുന്നു. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പരാതിക്കാരന് അനുകൂലമായി വിധി ഉണ്ടായത്. 

എന്താണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങള്‍ ?

ഉപഭോക്താക്കളുടെ തര്‍ക്കങ്ങളും പ്രശ്നങ്ങളും കേട്ട് അവയ്ക്ക് പരിഹാരം നല്‍കുകയും അതിലൂടെ ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കി നിയമ പരിരക്ഷ നല്‍കുന്ന സ്ഥാപനങ്ങളാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. മൂന്നംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. അതിലൊരാള്‍ പ്രസിഡന്‍റും മറ്റു രണ്ടുപേര്‍ അംഗങ്ങളും. സംസ്ഥാനങ്ങളിലെ ജില്ലകളില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറവും അവയ്ക്കുമീതെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളും ഇന്ത്യയില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുമുണ്ട്.

ഉപഭോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ സാധനം വിറ്റ കച്ചവടക്കാരനേയോ, നിര്‍മ്മാതാവിനേയോ, സേവനം വിലയ്ക്കു നല്‍കിയ വ്യക്തിയേയോ, സ്ഥാപനത്തിനേയോ എതിര്‍ കക്ഷിയാക്കി കേസ് ഫയല്‍ ചെയ്യാം.ഒരു കോടതിയുടെ സാമാന്യ അധികാരങ്ങള്‍ (എല്ലാ അധികാരങ്ങളുമില്ല) ഉള്ള അര്‍ദ്ധ നീതിന്യായ സ്ഥാപനങ്ങളാണ് ഉപഭോക്തൃ ഫോറങ്ങളും മറ്റും.

ജില്ലാ തലത്തില്‍ സ്ഥാപിതമായിട്ടുള്ളവ ഉപഭോക്ത തര്‍ക്കപരിഹാര ഫോറവും സംസ്ഥാന തലത്തിലുള്ളവ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനും അതിനു മുകളില്‍ ദേശീയ തലത്തില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുമാണുള്ളത്. ജില്ലാ ഫോറത്തിന്‍റെ വിധിയ്ക്കു മുകളില്‍ ദേശീയ കമ്മീഷന്‍ വരെയും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലും യോഗ്യമെങ്കില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.