Asianet News MalayalamAsianet News Malayalam

Rahul Gandhi : 'ഞാൻ ഹിന്ദുവാണ്, ഗോഡ്സെയെപോലെ ഹിന്ദുത്വ വാദിയല്ല'; അവരെ അധികാരത്തിൽ നിന്ന് പുറത്താക്കണം: രാഹുൽ

ബിജെപിയെ റാലിയിൽ കടന്നാക്രമിച്ച രാഹുൽ ഗാന്ധി ഹിന്ദുക്കളുടെ പ്രതിനിധികളെന്ന് അവർ അവകാശപ്പെടേണ്ടെന്ന് പറഞ്ഞു

I am Hindu, not Hindutvavadi like Nathuram Godse, says Rahul Gandhi in Jaipur rally
Author
Jaipur, First Published Dec 12, 2021, 7:17 PM IST

ജയ്പൂ‍ർ: കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമർശനങ്ങളുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും (Rahul Gandhi) പ്രിയങ്ക ഗാന്ധിയും (Priyanka Gandhi) രംഗത്ത്. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിൽ  സംഘടിപ്പിച്ച മെഗാറാലിയിൽ രാജ്യത്ത് ഹിന്ദുവും ഹിന്ദുത്വവാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നായിരുന്നു രാഹുൽ പ്രധാനമായും പറഞ്ഞുവച്ചത്. ബിജെപിയെ റാലിയിൽ കടന്നാക്രമിച്ച രാഹുൽ ഗാന്ധി ഹിന്ദുക്കളുടെ പ്രതിനിധികളെന്ന് അവർ അവകാശപ്പെടേണ്ടെന്ന് പറഞ്ഞു.

 

ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വ വാദിയല്ല, ഗാന്ധി ഹിന്ദുവും ഗോഡ്സേ ഹിന്ദുത്വവാദിയുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഹിന്ദുത്വ വാദികൾ അധികാര കൊതിയുള്ളവരാണ്. അധികാരത്തിനായി ആളുകളെ കൊല്ലാൻ അവർക്കേ കഴിയൂ. അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ സ്വത്ത് മുഴുവൻ ചില വ്യവസായികളുടെ കൈയിലേക്ക് എത്തുകയാണെന്ന് ആരോപണം രാഹുൽ ആവർത്തിച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കവേ ജയ്പൂരിൽ നടത്തിയ കോൺഗ്രസിന്റെ മഹാറാലിയിൽ പ്രിയങ്കയും മോദി സ‍ർക്കാരിനെ കടന്നാക്രമിച്ചു. കേന്ദ്രനയം കർഷകവിരുദ്ധമാണ്. എഴുപത് വർഷം കൊണ്ട് കോൺഗ്രസ് സർക്കാർ രാജ്യത്തിന് നൽകിയതെല്ലാം ബിജെപി വിൽക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും മഹാറാലിക്കെത്തിയിരുന്നു. പാർട്ടിയുടെ എംപിമാരും എംഎൽഎമാരും റാലിയിൽ പങ്കെടുത്തു. കോൺഗ്രസിലെ വിമതഗ്രൂപ്പിനുള്ള മറുപടി എന്ന നിലയ്ക്കു കൂടിയാണ് നെഹ്റു കുടുംബത്തിന് പാർട്ടിക്കുള്ളിലെ സ്വാധീനം വ്യക്തമാക്കുന്ന മെഗാറാലി സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios