Asianet News MalayalamAsianet News Malayalam

ഗോഡ്സെ പ്രശംസയില്‍ മാപ്പ് പറഞ്ഞ് പ്രഗ്യാ സിംഗ്: പ്രഗ്യ തീവ്രവാദിയെന്ന് രാഹുല്‍

പാര്‍ട്ടി കൈവിടുകയും പാര്‍ലെമെന്‍റില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഗ്യസിംഗ് ഠാക്കൂറിന്‍റെ ഖേദ പ്രകടനം. 

I apologise If I have hurt any sentiments pragya singh thakur on godse statement
Author
Delhi, First Published Nov 29, 2019, 1:50 PM IST

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രംശസിച്ചു സംസാരിച്ച ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ ലോക്സഭയില്‍ മാപ്പ് പറഞ്ഞു. പ്രഗ്യ മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് സഭയില്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രഗ്യയുടെ മാപ്പ് പറച്ചില്‍. തന്‍റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് പറയുന്നു.  തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനപ്പിച്ചുവെങ്കില്‍ ഖേദ മറിയിക്കുന്നുവെന്നും പ്രഗ്യസിംഗ് വ്യക്തമാക്കി. ഇന്നലെ എസ്‍പിജി ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രഗ്യാ സിംഗ് നാഥുറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്ന പ്രസ്താവന നടത്തിയത്.  

പാര്‍ട്ടി കൈവിടുകയും പാര്‍ലെമെന്‍റില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഗ്യസിംഗ് ഠാക്കൂറിന്‍റെ ഖേദ പ്രകടനം. മഹാത്മഗാന്ധിയെ താന്‍ അപമാനിച്ചിട്ടില്ല. തന്‍റെ പ്രസ്താവന വളച്ചൊടിച്ചു. ഒരു കേസ് പോലും തനിക്കെതിരെ തെളിയിക്കാന്‍ കഴിയിതിരുന്നിട്ടും തീവ്രവാദിയെന്ന് രാഹുല്‍ ഗാന്ധി മുദ്രകുത്തി. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത പരാമര്‍ശം തനിക്കെതിരെ ആയുധമാക്കുകയായിരുന്നുവെന്നും പ്രഗ്യാസിംഗ് വിശദീകരിച്ചു. 

എന്നാല്‍ പ്രഗ്യയുടെ മാപ്പ് പറച്ചിലില്‍ പ്രതിപക്ഷം തൃപ്തരായില്ല. പ്രഗ്യയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ ഗോഡ്സ് വിരുദ്ധ മുദ്രാവാക്യവുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രഗ്യയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. പ്രസ്താവനയില്‍ പ്രഗ്യയെ തള്ളിയ ബിജെപി അവര്‍ക്കതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്. 

അതേസമയം പ്രഗ്യയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കാനാവില്ലെന്നും ഗോഡ്സെ രാജ്യദ്രോഹിയാണെന്ന് അവര്‍ വ്യക്തമായി പറയണമെന്നും എഐഎംഎം നേതാവ് അസാദുദ്ദൂന്‍ ഒവൈസി സഭയില്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ലമെന്‍റ് അംഗത്തിന് വേണ്ട മിനിമം മര്യാദ പോലുമില്ലാതെയാണ് പ്രഗ്യ സംസാരിച്ചതെന്നും അവരുടെ വാക്കുകള്‍ ലോക്സഭാ രേഖകളില്‍ നിന്നും നീക്കിയത് കൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും ഒവൈസി വ്യക്തമാക്കി.  പ്രഗ്യയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചതില്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ പ്രഗ്യയെകുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios