''2017ല്‍ ബിജെപി വികസനവും ക്രമസമാധാന പരിപാലനവും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു. ഇന്ന് 2021ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ ടീമും സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതും ഒന്നാം നമ്പറുമാക്കിയെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും''. 

ലഖ്നൌ: ഉത്തര്‍പ്രദേശിലെ ക്രമസമാധാമ പാലനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്രമസമാധാന പരിപാലനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മുന്നിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗ ഫോറന്‍സിക് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗത്തിന് വികസനമെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

''2019 വരെ ആറ് വര്‍ഷക്കാലം ഞാന്‍ യുപിയില്‍ ധാരാളം യാത്ര ചെയ്തു. അന്നത്തെ യുപി എനിക്ക് നന്നായി അറിയാം. പടിഞ്ഞാറന്‍ യുപിയില്‍ ഭയാന്തരീക്ഷമുണ്ടായിരുന്നു. ആളുകള്‍ ഈ പ്രദേശം വിട്ടുപോകുന്ന അവസ്ഥയായിരുന്നു. സ്ത്രീകള്‍ സുരക്ഷിതരായിരുന്നില്ല. ഭൂമാഫിയ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുക്കുന്നു. പകല്‍ സമയങ്ങളില്‍ പോലും വെടിയുതിര്‍ത്ത സംഭവങ്ങളും കലാപങ്ങളും വ്യാപകമായിരുന്നു. 2017ല്‍ ബിജെപി വികസനവും ക്രമസമാധാന പരിപാലനവും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു. ഇന്ന് 2021ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ ടീമും സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതും ഒന്നാം നമ്പറുമാക്കിയെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ജാതിയുടെയും കുടുംബത്തിന്റെയും പേരിലല്ല ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്''- അദ്ദേഹം പറഞ്ഞു.

44 വികസന പദ്ധതികളാണ് യുപിയില്‍ നടക്കുന്നത്. രാജ്യത്തെ ടോപ് സ്‌പോട്ടാണ് യുപി. പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ എളുപ്പമാണ്. എന്നാല്‍, അഴിമതിയില്ലാതെ അവ ഗുണഭോക്താക്കളില്‍ കൃത്യമായി എത്തിക്കുക എന്നതാണ് ബുദ്ധിമുട്ടെന്നും അമിത് ഷാ പറഞ്ഞു. യോഗി ആദിത്യനാഥിനെക്കൂടാതെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona