ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച നടത്തിയ വീഡിയോ മീറ്റിംഗില്‍ സംസാരിച്ചത് മനസിലായില്ലെന്ന് മിസോറാം മുഖ്യമന്ത്രി. അവര്‍ ഹിന്ദിയിലാണ് സംസാരിച്ചത്. തനിക്ക് ഹിന്ദി ഒരക്ഷരം മനസിലാവില്ലെന്നാണ്  ദി ഇന്ത്യന്‍ എക്സ്പ്രസിന്‍റെ 'ദില്ലി കോണ്‍ഫിഡന്‍ഷ്യല്‍' കോളം റിപ്പോര്‍ട്ട് ചെയ്യുന്നത്. തര്‍ജമയില്‍ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയം കൃത്യമായില്ലെന്ന ആശങ്കയിലാണ് മിസോറാം മുഖ്യമന്ത്രി സോറംതംഗയുള്ളതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

പ്രധാനമന്ത്രിയുമായുള്ള മീറ്റിംഗിന് പിന്നാലെ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഭാഷാ പ്രശ്നം മൂലം മനസിലായില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ക്ഡൌണിന് ശേഷം സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് ചര്‍ച്ച ചെയ്യാനായിട്ടായിരുന്നു ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ മീറ്റിംഗ് നടത്തിയത്. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ധനസഹായത്തേക്കുറിച്ചായിരുന്നു മീറ്റിംഗില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരില്‍ മിക്കവരും സംസാരിച്ചത്. 

അന്തര്‍ ജില്ലാ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്ര സർക്കാര്‍ മാനദണ്ഡം അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനം എടുക്കണമെന്ന കേരളത്തിന്‍റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. മേയ് 15 വരെ ഭാഗിക ലോക്ക് ഡൗണ്‍ വേണമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.   

ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, അസം, കേരളം, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ദില്ലി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി  സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിയാണ് പ്രധാനമന്ത്രി ഇന്നലെ വീഡിയോ മീറ്റിംഗ് നടത്തിയത്. എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ കേരള മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയായിരുന്നു പങ്കെടുത്തത്. ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് മീറ്റിംഗില്‍ സംസാരിക്കാന്‍ അനുമതി ലഭിച്ചത്.