Asianet News MalayalamAsianet News Malayalam

'കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ'; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഗുലാം നബി ആസാദ്

കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്ന് മാത്രമേ താന്‍ ബിജെപിയില്‍ ചേരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി എന്ന് മാത്രമല്ല, മറ്റേത് പാര്‍ട്ടിയിലും താന്‍ ചേരുകയില്ലെന്നും ആസാദ് പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരാരായാലും അവര്‍ക്ക് എന്നെ അറിയില്ല.
 

I will Join BJP when  we have black snow  in Kashmir: Ghulam Nabi Azad
Author
New Delhi, First Published Feb 12, 2021, 10:40 AM IST

ദില്ലി: ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആസാദ് തന്റെ നിലപാട് വ്യക്തമാക്കിയത്. കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്ന് മാത്രമേ താന്‍ ബിജെപിയില്‍ ചേരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി എന്ന് മാത്രമല്ല, മറ്റേത് പാര്‍ട്ടിയിലും താന്‍ ചേരുകയില്ലെന്നും ആസാദ് പറഞ്ഞു.

'ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരാരായാലും അവര്‍ക്ക് എന്നെ അറിയില്ല. രാജമാതാ സിന്ധ്യ പ്രതിപക്ഷ ഉപനേതാവായിരുന്ന കാലം എനിക്കെതിരെ ആരോപണം ഉന്നയിച്ചു. ആരോപണം ഗൗരവമായി എടുക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനായി അടല്‍ ബിഹാരി വാജ്‌പേയി ചെയര്‍മാനായി എല്‍കെ അദ്വാനി, സിന്ധ്യ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എനിക്കെതിരെ എന്ത് ശിക്ഷ നല്‍കിയാലും സ്വീകരിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കി. ഈ സമയം, വാജ്‌പേയി മുന്നോട്ടുവന്ന് എനിക്കരികിലെത്തി സഭയോടും എന്നോടും ക്ഷമ ചോദിച്ചു. സിന്ധ്യക്ക് എന്നെ അറിയില്ലായിരിക്കാം പക്ഷേ വാജ്‌പേയിക്ക് എന്നെ നന്നായി അറിയാമായിരുന്നു'-ഗുലാം നബി ആസാദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാഹുല്‍ഗാന്ധിയെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ രണ്ടുതവണ കണ്ടെന്നും ആസാദ് മറുപടി നല്‍കി. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിന്റെ വിടവാങ്ങല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വൈകാരിക പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. കണ്ണീരോടെയാണ് ഗുലാംനബി ആസാദിനെ പ്രധാനമന്ത്രി യാത്രയാക്കിയത്. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ആസാദ് നേരത്തെ പല കാര്യങ്ങളില്‍ വിയോജിച്ചതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
 

Follow Us:
Download App:
  • android
  • ios