ജയ്‌പൂർ: വ്യോമപാത തെറ്റിച്ച് പറന്ന കാർഗോ വിമാനത്തെ ഇന്ത്യൻ വ്യോമസേന ജയ്‌പൂർ വിമാനത്താവളത്തിൽ ഇറക്കിപ്പിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുളള ആന്റണോവ് എഎന്‍-12 വിമാനം നിശ്ചയിച്ചിരുന്ന വ്യോമപാതയില്‍ നിന്നും വേര്‍തിരിഞ്ഞ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി വ്യാമസേന പ്രസ്താവനയില്‍ അറിയിച്ചു.

വിമാനം വ്യോമപാത തെറ്റിച്ചുവെന്ന് മനസിലാക്കിയ ഉടൻ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ആകാശത്തേക്ക് പറന്നുയരുകയായിരുന്നു. പിന്നീട് കാർഗോ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യം വളഞ്ഞുവെന്ന് മനസിലാക്കിയ ഉടൻ കാർഗോ വിമാനത്തിന്റെ പൈലറ്റുമാർ വിമാനത്തെ താഴെയിറക്കി.

റാൻ ഓഫ് കച്ചിന് 70 കിലോമീറ്റർ വടക്ക് മാറിയുള്ള വ്യോമപാതയിലേക്കാണ് വിമാനം കടന്നത്. ഇത് യാത്രാ വിമാനങ്ങൾ വിലക്കിയിരിക്കുന്ന വ്യോമപാതയാണ്. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങളാണ് കാർഗോ വിമാനത്തെ താഴെ ഇറക്കിപ്പിച്ചത്.

വ്യോമപാത തെറ്റിപ്പറന്നിട്ടും ഇന്ത്യൻ ഏജൻസികളുടെ റേഡിയോ കോളുകൾക്ക് പൈലറ്റുമാർ പ്രതികരിച്ചില്ല. 27000 അടി മുകളിലായിരുന്നു ഈ സമയത്ത് വിമാനം. ജോർജ്ജിയയിലെ ടിബിലിസി വിമാനത്താവളത്തിൽ നിന്നും കറാച്ചി വഴി ഡൽഹിയിലേക്ക് വന്നതാണ് തങ്ങളെന്നാണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ ഇന്ത്യൻ വ്യോമസേനയെ അറിയിച്ചിരിക്കുന്നത്.