Asianet News MalayalamAsianet News Malayalam

അഭിനന്ദൻ വര്‍ത്തമാൻ ജോലിയിൽ തിരികെ പ്രവേശിച്ചു

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടെ പാക് പിടിയിലായ വിങ് കമ്മാന്റ‍ര്‍ അഭിനന്ദൻ വ‍‍ര്‍ത്തമാൻ, ശ്രീനഗറിൽ വ്യോമസേനയുടെ യുദ്ധവിമാന സംഘത്തോടൊപ്പം ചേ‍ര്‍ന്നു

IAF pilot Abhinandan Varthaman returns to his squadron in Srinagar
Author
New Delhi, First Published Mar 27, 2019, 12:18 PM IST

ദില്ലി: പാക് സൈന്യത്തിന്റെ പിടിയിൽ നിന്ന് രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ അഭിനന്ദൻ വ‍ര്‍ത്തമാൻ ശ്രീനഗറിൽ തന്റെ സൈനിക വ്യൂഹത്തിനൊപ്പം ചേ‍ര്‍ന്നു. നാലാഴ്ചത്തെ അവധിക്ക് ശേഷമാണ് ഇന്ത്യൻ എയ‍ര്‍ ഫോഴ്സിലെ വിങ് കമ്മാന്ററായ അഭിനന്ദൻ തിരികെ ജോലിയിൽ പ്രവേശിക്കുന്നത്.

പാക് പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ട അഭിനന്ദനെ രണ്ടാഴ്ചയിലേറെ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് 12 ദിവസം ഇദ്ദേഹം അവധിയിലായിരുന്നു. ചെന്നൈയിൽ കുടുംബത്തോടൊപ്പം പോകാൻ അനുവാദം ഉണ്ടായിരുന്നെങ്കിലും അഭിനന്ദൻ ശ്രീനഗറിൽ തന്റെ വ്യോമസേനാ സംഘത്തോടൊപ്പം നിൽക്കാനാണ് താത്പര്യപ്പെട്ടത്.

ഇനി എയ‍ഫോഴ്സിൽ വിദഗ്ദ്ധ മെഡിക്കൽ സംഘം അഭിനന്ദന്റെ ഫിറ്റ്‌നെസ് പരിശോധിക്കും. പിന്നീട് എയര്‍ ഫോഴ്സിലെ ഉന്നതരാണ് അഭിനന്ദന് തിരികെ കോക്പിറ്റിലേക്ക് എത്താനാവുമോ എന്ന് തീരുമാനിക്കുക. 

പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തെ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വ്യോമസേന ജമ്മു കാശ്മീരിലെ ഇന്ത്യൻ സൈനിക ക്യാംപുകള്‍ ആക്രമിക്കാനെത്തിയെങ്കിലും ഇക്കാര്യം മനസിലാക്കി ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചിരുന്നു. ഫെബ്രുവരി 27 ന് രാവിലെയാണ് ഇത് നടന്നത്. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യൻ എയര്‍ഫോഴ്സിന്റെ മിഗ് 21 ബൈസൺ ജെറ്റ് തക‍ര്‍ന്ന് അഭിനന്ദൻ പാക്കിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങിയത്. പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്റെ ആക്രമണത്തിൽ തക‍ര്‍ന്നിരുന്നു.

മാ‍ര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ വിട്ടയച്ചത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഫെബ്രുവരി 26 ന് ബാലകോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ താവളങ്ങള്‍ ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സംഘര്‍ഷം ഉടലെടുത്തത്.

 

Follow Us:
Download App:
  • android
  • ios