കീവ് ലക്ഷ്യം വച്ച് റഷ്യ സൈനികനീക്കം ശക്തമാക്കുന്നുവെന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് തലസ്ഥാനം വിടാൻ രാജ്യങ്ങൾ പൗരൻമാരോട് ആവശ്യപ്പെട്ടത്.
ദില്ലി/കീവ്: റഷ്യൻ സൈന്യം യുക്രൈൻ അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നിർദേശം നൽകി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളെ ഉപയോഗിച്ച് യുക്രൈൻ ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രൈനും യുക്രൈൻ അഭയാർത്ഥികൾ അഭയം പ്രാപിച്ച സമീപരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
മരുന്നുകളും മറ്റു സാമാഗ്രഹികളും കൈമാറാൻ സി17 വിമാനങ്ങൾ ഇന്ത്യ അങ്ങോട്ട് അയക്കുന്നുണ്ട്. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചു വരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയർലൈൻ കമ്പനികളായ എയർഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ യുക്രൈൻ്റെ അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുവരാനായി സർവ്വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം 23 സർവ്വീസുകൾ കൂടി ഈ കമ്പനികൾ നടത്തും
ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സർവ്വീസ്. ഇന്നും നാളെയുമായി പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. സ്വകാര്യ വിമാനക്കമ്പനികളെ ഉപയോഗിച്ച് മാത്രം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മൊത്തം തിരിച്ചെത്തിക്കാൻ സാധിക്കില്ല എന്ന് വ്യക്തമായതോടെയാണ് വ്യോമസേനയെ കൂടി രംഗത്ത് ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിൽ നിന്ന് അവസാന നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായുള്ള സി 17 വിമാനങ്ങൾ യുക്രൈനിലേക്ക് പോകാൻ തയ്യാറാക്കി കഴിഞ്ഞു. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയെന്നും വ്യോമസേന വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി പൗരൻമാരോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ന് അടിയന്തിരമായി കൈവ് വിടണം എന്നാണ് എംബസി പുറത്തു വിട്ട നിർദേശം. ട്രെയിനുകൾ വഴിയോ മറ്റു ഏതെങ്കിലും വഴിയോ തലസ്ഥാനത്തിന് പുറത്ത് എത്താൻ നിലവിൽ കീവിലുള്ള എല്ലാ പൗരൻമാരും ശ്രമിക്കണമെന്ന് ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു.
ഇന്ത്യൻ എംബസിയെ കൂടാതെ ചൈനയടക്കം വേറെ ചില രാജ്യങ്ങളും തങ്ങളുടെ പൗരൻമാരോട് കീവിൽ നിന്നും ഇന്ന് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കീവ് ലക്ഷ്യം വച്ച് റഷ്യ സൈനികനീക്കം ശക്തമാക്കുന്നുവെന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് തലസ്ഥാനം വിടാൻ രാജ്യങ്ങൾ പൗരൻമാരോട് ആവശ്യപ്പെട്ടത്. യുദ്ധം തുടങ്ങി ഇത്ര ദിവസമായെങ്കിലും പല മേഖലകളിലും യുക്രൈൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ വൻ പടക്കോപ്പുകളും ആയുധശേഖരവുമായി 64 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി റഷ്യയിൽ നിന്നും നീങ്ങുന്നുണ്ട്. കീവ് നഗരത്തെ വളഞ്ഞ് ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും ബൃഹത്തായ ഒരു സൈന്യത്തെ റഷ്യ അയക്കുന്നത്. അടുത്ത 24 മുതൽ 48 വരെ മണിക്കൂറിൽ ഈ സൈനികവ്യൂഹം കീവിന് അടുത്ത് എത്തും എന്നാണ് ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
