ഹൈദരാബാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് പത്തൊമ്പത് ദിവസം പിന്നിടുകയാണ്. സർക്കാർ ഉദ്യോ​ഗസ്ഥർ, ആരോഗ്യപ്രവർത്തകർ, പൊലീസ് തുടങ്ങി നിരവധി പേർ കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്. ഈ അവസരത്തിൽ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ഒരു ഐഎഎസ് ഓഫീസര്‍.

ശ്രിജന ഗുമ്മല്ല എന്ന ഉദ്യോ​ഗസ്ഥയാണ് അവധി ഉപേക്ഷിച്ച് കുഞ്ഞുമായി തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുകയാണ് ശ്രിജന. ഒരുമാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് ജോലി ചെയ്യുന്ന ശ്രിജനയുടെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ചിഗുരു പ്രശാന്ത് കുമാര്‍ എന്നയാളാണ് ശ്രിജനയുടെ ചിത്രം ട്വീറ്റ് ചെയ്തത്. "കമ്മിഷണര്‍ പ്രസവാവധി ഉപേക്ഷിച്ച് ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയില്‍ വീണ്ടും പ്രവേശിച്ചിരിക്കുന്നു, എല്ലാ കൊറോണ പോരാളികള്‍ക്കും ഇത് പ്രചോദനം നല്‍കുന്നു"എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് പ്രശാന്ത് കുമാര്‍ കുറിച്ചു.

'ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവല്‍' എന്ന വിശേഷണവും പ്രശാന്ത് കുമാര്‍ ശ്രിജനയ്ക്ക് നൽകുന്നു. കുഞ്ഞിന്റെ സുരക്ഷിതത്വവും മറ്റ് മുൻകരുതലുകളും എടുത്തുകൊണ്ടാണ് ജോലിയിൽ പ്രവേശിച്ചത്. പാലൂട്ടന്നതിനും അമ്മയുടെ സാമീപ്യം ഉറപ്പുവരുത്തന്നതിനുമാണ് കുഞ്ഞിനെയും ഒപ്പം കൂട്ടിയത്. സുരക്ഷിതമായ അന്തരീക്ഷത്തിലാണ് കുഞ്ഞ് തനിക്കൊപ്പം ഉള്ളതെന്നും ശ്രിജന പറയുന്നു. 

അതേസമയം, ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് ശ്രിജനയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ രം​ഗത്തെത്തിയിരിക്കുന്നത്. 2013ലെ ഐഎഎസ് ബാച്ചുകാരിയാണ് ശ്രിജന.