രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമോ, അതല്ലെങ്കിൽ ലാബിൽ പരിശോധിച്ച് പോസിറ്റീവായവരുടെ പ്രൈമറി കോണ്ടാക്ടായവർക്കോ മാത്രമേ ആന്‍റിജൻ പരിശോധന ഞങ്ങൾ നിർദേശിക്കുന്നുള്ളൂ എന്നും ഐസിഎംആർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

ദില്ലി: ഇനി കൊവിഡ് പരിശോധന വീട്ടിലിരുന്നും നടത്താം. വീട്ടിൽത്തന്നെ പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ഉടൻ വിപണിയിലിറക്കുമെന്ന് ഐസിഎംആർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ടെസ്റ്റിംഗ് കിറ്റിന് ഐസിഎംആർ ഔദ്യോഗിക അനുമതി നൽകി. 

രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമോ, അതല്ലെങ്കിൽ ലാബിൽ പരിശോധിച്ച് പോസിറ്റീവായവരുടെ പ്രൈമറി കോണ്ടാക്ടായവർക്കോ മാത്രമേ ആന്‍റിജൻ പരിശോധന നിർദേശിക്കുന്നുള്ളൂ എന്ന് ഐസിഎംആർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് പരമാവധി കൂട്ടാനാണ് വീട്ടിൽത്തന്നെ ആന്‍റിജൻ പരിശോധന നടത്താനുള്ള കിറ്റ് പുറത്തിറക്കാനൊരുങ്ങുന്നത്. കൊവിഡ് രണ്ടാംതരംഗം ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പടരുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, കൂടുതൽ ടെസ്റ്റിംഗ് കിറ്റുകൾ ഗ്രാമീണമേഖലകളിലേക്ക് ഇതുവഴി എത്തിക്കാനാകുമെന്നും, ഐസിഎംആർ കരുതുന്നു. വീടുകളിലെത്തി ആന്‍റിജൻ പരിശോധന നടത്തുന്നത് വഴി, രോഗലക്ഷണങ്ങളുള്ളവരെ പരമാവധി പുറത്തിറക്കാതെ പരിശോധന നടത്താനാകുമെന്നും കണക്കുകൂട്ടലുകളുണ്ട്. 

മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് എന്ന കമ്പനിയാണ് വീട്ടിൽ പരിശോധന നടത്താവുന്ന തരം ആന്‍റിജൻ കിറ്റുകൾ വികസിപ്പിച്ചത്. എങ്ങനെ പരിശോധന നടത്താമെന്ന വിശദമായ മാന്വൽ കിറ്റിന്‍റെ കവറിലുണ്ടാകും. വീട്ടിൽ ടെസ്റ്റ് നടത്തുന്ന എല്ലാവരും ഹോം ടെസ്റ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യണം. അതിന് ശേഷം, ടെസ്റ്റ് നടത്തിയ ശേഷമുള്ള സ്ട്രിപ്പിന്‍റെ ചിത്രം ഈ ആപ്പ് വഴി അപ്‍ലോഡ് ചെയ്യണം. ഏത് ഫോണിൽ നിന്നാണോ യൂസർ റജിസ്ട്രേഷൻ നടത്തിയത് അതേ ഫോണിൽ നിന്ന് വേണം ചിത്രം അപ്‍ലോഡ് ചെയ്യാൻ. ഈ വിവരങ്ങൾ ഒരു സെൻട്രൽ സെർവറിൽ സൂക്ഷിക്കപ്പെടും. ടെസ്റ്റ് കിറ്റ്, സ്വാബ്, മറ്റ് വസ്തുക്കൾ എന്നിവ എങ്ങനെ ഉപേക്ഷിക്കാമെന്നതിലും മാന്വൽ പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കണം. ഈ ടെസ്റ്റിൽ പോസിറ്റീവാകുന്നവരെ ലാബ് പരിശോധനയിൽ പോസിറ്റീവായവരെപ്പോലെത്തന്നെ കണക്കാക്കുമെന്നും, കൃത്യമായി ക്വാറന്‍റീനടക്കം പാലിക്കണമെന്നും ഐസിഎംആർ നിർദേശിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona