സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് വിവാദമായി. പുസ്തക രചനയുടെ ഭാഗമായാണ് സന്ദർശനമെന്ന് ജയരാജൻ വിശദീകരിച്ചപ്പോൾ, ദർശനത്തിന് വന്നതാണെന്ന് ബിജെപി ആരോപിച്ചു. താൻ പല ആരാധനാലയങ്ങളിലും പഠനാവശ്യത്തിനായി പോയിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.

തൃശൂർ: പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അതേസമയം, ക്ഷേത്രത്തിൽ കയറി ദർശനം നടത്തിയില്ല. ജയരാജൻ ക്ഷേത്രത്തിൽ എത്തിയതോടെ ആളുകൾ വീഡിയോ ചിത്രീകരിച്ചു. പി. ജയരാജൻ ദർശനത്തിന് വന്നതാണെന്ന് ബിജെപി ആരോപിച്ചു. ആളുകൾ ശ്രദ്ധിച്ചതോടെ ദർശനം ഒഴിവാക്കിയതാണെന്നും ബിജെപി പറഞ്ഞു. എന്നാൽ, കൊടുങ്ങല്ലൂരിനെ കുറിച്ച് പുസ്തകമെഴുതാനെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വിശദീകരണം നൽകി. ബിജെപി നേതാക്കളാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് ജയരാജനും വിശദീകരിച്ചു. പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണെന്നും അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവെന്നും അദ്ദേഹം വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയുണ്ടായി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയും നാട്ടുഅനുഭവങ്ങളിലൂടെയും പല കാര്യങ്ങളും അറിഞ്ഞിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചു. കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ അല്ല. അവയ്ക്കെല്ലാം സവിശേഷമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ടെന്നും നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടവയാണ് അവയെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂർ കാവിൽ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അജ്മീർ ദർഗയിൽ പോയിട്ടുണ്ട്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഭക്തിപ്രകടനമായി അല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസ്സിലാക്കാനുള്ള അവസരങ്ങളായിട്ടാണ് ഞാൻ ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് ഞാൻ ഒരു “ഭക്തൻ” ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിർത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാൻ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവരോട് സഹതാപമേ ഉള്ളൂവെന്നും ജയരാജൻ പറഞ്ഞു.