നാഗ്‍പൂര്‍: ഇന്ത്യന്‍ ജനത അവരുടെ മൂത്രം ശേഖരിച്ച് വളമാക്കാന്‍ തയ്യാറായാല്‍ രാജ്യത്ത് യൂറിയ ഇറക്കുമതി അവസാനിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി.  നമ്മുടെ രാജ്യം സാധ്യതകളെ തിരിച്ചറിയുന്നില്ലെന്ന പരാതി പങ്കുവച്ചുകൊണ്ട് അദ്ദേഹം നാഗ്‍പൂര്‍ കോര്‍പറേഷന്‍ പരിപാടിക്കിടെയാണ് മുത്രം സംഭരിക്കാനുള്ള ആഹ്വാനം നല്‍കിയത്. വിസര്‍ജ്ജങ്ങള്‍ ഉപയോഗിക്കുന്നതിലെ സാധ്യത രാജ്യം ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വരും കാലത്തെങ്കിലും ഇത് ഉപയോഗിക്കാനാകണമെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും അത് ദില്ലിയിലെ വസതിയിലുള്ള ചെടികള്‍ക്ക് വളമായി ഉപയോഗിക്കാറുണ്ടെന്നും ഗഡ്കരി പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരം ഉപയോഗപ്രദമായ വഴികള്‍ തെരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. യുറിയയെക്കാള്‍ ഗുണമാണ് മുത്രം വളമാക്കിമാറ്റിയാല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസര്‍ജ്ജങ്ങളെ ജൈവ വളമാക്കി മാറ്റാന്‍ നമുക്ക് സാധിച്ചാല്‍ യൂറിയ പോലുള്ളവയുടെ ഇറക്കുമതി പുര്‍ണമായും അവസാനിപ്പിക്കാനാകും.

പൊതു ഇടങ്ങളിലുള്ള ശുചിമുറികളില്‍ നിന്ന് മൂത്രം ശേഖരിച്ച് വളമാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ കേന്ദ്രങ്ങള്‍ പോലും തന്‍റെ ആശയങ്ങളോട് വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ല. ജനങ്ങള്‍ മുഖത്ത് നോക്കാതെ നടക്കുന്നത് അവസാനിപ്പിച്ച് ഇത്തരം ഉപയോഗപ്രദമായ കാര്യങ്ങള്‍ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുടിയില്‍ നിന്ന് അമിനോ ആസിഡ് വേര്‍തിരിച്ചെടുത്ത് വളമായി ഉപയോഗിക്കണമെന്ന് നേരത്തെ ഗഡ്കരി പറഞ്ഞിട്ടുണ്ട്.