ഉത്തർപ്രദേശ്: ലോക്ക് ഡൗൺ ലംഘിക്കുന്നവരുടെ കാൽ തല്ലിയൊടിക്കണമെന്ന ആഹ്വാനവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ​ഗുജ്ജാർ. ​ഗാസിയാബാദിൽ നിന്നുള്ള എംഎൽഎയാണ് ​നന്ദകിഷോർ ​ഗുജ്ജാർ. രാജ്യത്താകെ ഭീതിയും ആശങ്കയും പരത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കാത്തവരെ കാലിൽ വെടിവെക്കണമെന്നും ​ഗുജ്ജാർ പറയുന്നു. ​ഗുജ്ജാർ പ്രസം​ഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ‌ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. 

ചില ആളുകളെ രാജ്യദ്രോഹികളായി പരി​ഗണിക്കേണ്ടി വരും. സർക്കാരിന്റെ ഉത്തരവുകൾക്ക് വില കൽപിക്കുന്നില്ലെങ്കിൽ അത്തരക്കാർ തീവ്രവാദികളാണ്. ലോക്ക്ഡൗൺ ലംഘിക്കുന്നവർ രാജ്യദ്രോഹികളാണ്. അവരുടെ കാലുകൾ ഒടിക്കണം. ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ പോലീസ് കാലിൽ വെടിവയ്ക്കണം. ​ഗുജ്ജാർ പറഞ്ഞു. നിയമം ലംഘിക്കുന്നവരുടെ കാലൊടിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥരിൽ ഓരോ പോലീസുകാർക്കും 5,100 രൂപ ക്യാഷ് റിവാർഡ് നൽകുമെന്നും അവരുടെ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്യുന്ന സർക്കാരിനും കത്തെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് സുഖപ്പെടാൻ ​ഗോമൂത്രം ഉപയോ​ഗിച്ചാൽ മതി എന്ന് ​ഗുജ്ജാർ മുമ്പ് പ്രഖ്യാപിച്ചിരുന്നു.