ഭർത്താവിനെക്കാൾ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകാൻ ഉത്തരവിടരുതെന്ന് കർണാടക ഹൈക്കോടതി. ​ഗോണിക്കുപ്പ സ്വദേശിയായ 37-കാരന്റെ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി. ​ജീവനാംശം നൽകാൻ ഉത്തരവിടുന്നതിന് മുൻപ് കോടതികൾ ദമ്പതിമാരുടെ സാമ്പത്തികസ്ഥിതിയും വരുമാനവും പരി​ഗണിക്കണമെന്നും കോടതി പറഞ്ഞു.

ബെം​ഗളൂരു: ഭാര്യയ്ക്ക് ഭർത്താവിനെക്കാൾ വരുമാനം കൂടുതലാണെങ്കിൽ ഭർത്താവ് ഭാര്യയ്ക്ക് ജീവനാംശം നൽകാൻ ഉത്തരവിടരുതെന്ന് കർണാടക ഹൈക്കോടതി. ​ഇടക്കാലത്തേക്കോ അന്തിമമായോ ജീവനാംശം നൽകാൻ ഉത്തരവിടുമ്പോൾ ഭർത്താവിന്റെ ജീവിതനിലവാരത്തിന് സമാനമായി ജീവിക്കാൻ ഭാര്യയ്ക്ക് മറ്റ് വരുമാന സ്രോതസ്സുകളില്ലെന്ന് കോടതി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗോണിക്കുപ്പ സ്വദേശിയായ 37-കാരന്റെ ഹർജിയിലാണ് കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ചില്ലക്കുർ സുമലത ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 20,000 രൂപ നൽകണമെന്ന മൈസൂരുവിലെ വിചാരണ കോടതിയുടെ ഉത്തരവിനെതിരേയാണ് 37-കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാര്യയ്ക്ക് ഭർത്താവിനെക്കാൾ വരുമാനം കൂടുതലും സാമ്പത്തിക ഭദ്രതയും കുട്ടികളെ നോക്കുന്നതടക്കമുള്ള മറ്റു ബാധ്യതകളില്ലെങ്കിലും ഭർത്താവ് ജീവനാംശം നൽകേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ വിധി. ​ഗോണിക്കുപ്പ സ്വദേശിയുടെ കേസിൽ ഭാര്യയ്ക്ക് മാസം ഒരുലക്ഷം രൂപ വരുമാനമുണ്ട്. ഭാര്യയ്ക്ക് സ്വന്തംനിലയിൽ ജീവിക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ട്. ഇവിടെ ഭർത്താവിന്റെ പ്രതിമാസം വരുമാനം 60,646 രൂപയാണ്. അതിനാൽ ഭർത്താവ് ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ ജീവനാംശം നൽകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗാർഹിക പീഡന നിരോധന നിയമപ്രകാരമോ മറ്റോ ഭാര്യ പരാതി നൽകിയാലുടൻ കേസിൽ ജീവനാംശം നൽകാൻ ഉത്തരവിടേണ്ടതില്ലെന്നും കോടതി പറഞ്ഞു.

2024-ലാണ് വിവാഹം കഴിഞ്ഞതെന്നും വെറും രണ്ടുമാസം മാത്രമാണ് ദമ്പതിമാർ ഒരുമിച്ച് താമസിച്ചതെന്നുമാണ് ഹർജിക്കാരനായ ഭർത്താവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. പിന്നീട് ഭാര്യ ഭർത്താവിനെതിരേ വ്യാജ പരാതി നൽകി. രേഖകൾ പ്രകാരം ഭാര്യയ്ക്ക് 1.64 ലക്ഷം രൂപ മാസശമ്പളമുണ്ട്. ദമ്പതിമാർക്ക് മക്കളില്ല. മാത്രമല്ല, ഭാര്യയ്ക്ക് മറ്റു ബാധ്യതകളുമില്ല. എന്നാൽ, സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ തന്റെ കക്ഷിക്ക് ഭാര്യയെക്കാൾ ശമ്പളം കുറവാണെന്നും 37-കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.

തന്റെ കക്ഷിക്ക് ഒരുലക്ഷം രൂപ മാസശമ്പളമുണ്ടെന്ന് ഭാര്യയുടെ അഭിഭാഷകൻ കോടതിയിൽ സമ്മതിച്ചു. അതേസമയം, വിവാഹത്തിനായി തന്റെ കക്ഷിക്ക് വായ്പകളെടുക്കേണ്ടി വന്നതായും ഈ ബാധ്യതകൾ അടിസ്ഥാനമാക്കിയാണ് വിചാരണ കോടതി ഇടക്കാല ജീവനാംശത്തിന് ഉത്തരവിട്ടതെന്നും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് ഇരുകക്ഷികളും ഹാജരാക്കിയ രേഖകളെല്ലാം ഹൈക്കോടതി പരിശോധിച്ചു. ഇതിൽ വായ്പകൾ സംബന്ധിച്ച രേഖകൾ ഭാര്യയ്ക്ക് ഹാജരാക്കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഭർത്താവിന് അനുകൂലമായ വിധി പ്രസ്താവിച്ചത്.