യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിരാവിലെ പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു അദ്ദേഹം ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒൻപതാമത് 'യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം(യുഎസ്ഐഎസ്പിഎഫ്) ലീഡർഷിപ്പ് സമ്മിറ്റി'ലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിബന്ധം വെളിപ്പെടുത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിരാവിലെ പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു അദ്ദേഹം ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒൻപതാമത് 'യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം(യുഎസ്ഐഎസ്പിഎഫ്) ലീഡർഷിപ്പ് സമ്മിറ്റി'ലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
''മാസങ്ങൾക്ക് മുൻപ് ഞാൻ പ്രസിഡന്റിനൊപ്പം മിയാമിയിലെ യുഎഫ്സി വേദിയിലായിരുന്നു. ആ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിക്കാൻ പ്രസിഡന്റ് എന്നോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ സമയം രാവിലെ ആറുമണിയാണെന്ന് ഞാൻ പ്രസിഡന്റിനോട് പറഞ്ഞു. പക്ഷേ, പ്രധാനമന്ത്രി മോദി എഴുന്നേറ്റിരിക്കുമെന്നും അദ്ദേഹം തന്നെപ്പോലെയാണെന്നും അദ്ദേഹം ഉറങ്ങാറില്ലെന്നുമായിരുന്നു ട്രംപിന്റെ മറുപടി'', സെർജിയോ ഗോർ പറഞ്ഞു.
നിങ്ങൾ ഒരാളുമായി സൗഹൃദത്തിലാണെങ്കിൽ എല്ലാകാര്യങ്ങളും നേരത്തേ ഷെഡ്യൂൾ ചെയ്യേണ്ടതില്ലെന്ന സന്ദേശമാണ് ഈ സംഭവം വ്യക്തമാക്കുന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു സുഹൃത്തായാണ് പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നത്. നിങ്ങൾ ആരെങ്കിലുമായി സൗഹൃദത്തിലാണെങ്കിൽ നിങ്ങൾ അവരുടെ ഫോണെടുക്കും. അവരുടെ ക്ഷേമം അന്വേഷിക്കുമെന്നും സെർജിയോ ഗോർ പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അതിന്റെ അന്തിമഘട്ടത്തിലാണെന്നും ഇനി ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഇതിൽ പൂർത്തിയാക്കാനുള്ളതെന്നും സെർജിയോ ഗോർ വാഷിങ്ടൺ ഡിസിയിൽ നടന്ന ഉച്ചകോടിയിൽ വ്യക്തമാക്കി.

