കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തെ ക്രൂഡ് ഓയില്‍ വിലയുമായുള്ള താരതമ്യം ചെയ്യലിന് കൊവിഡ് വാക്സിന്‍ വിതരണം ചൂണ്ടിക്കാണിച്ചായിരുന്നു ഓം പ്രകാശിന്‍റെ പ്രതികരണം. 

ഇന്ധനവില ഉയരുന്നത് സംബന്ധിച്ച് മധ്യപ്രദേശ് മന്ത്രിയുടെ വിചിത്ര പ്രതികരണം വൈറലാവുന്നു. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഇല്ലെങ്കില്‍ സന്തോഷം എങ്ങനെ ആസ്വദിക്കാനാവുമെന്നാണ് മധ്യപ്രദേശിലെ മന്ത്രിയും ബിജെപി നേതാവുമായ ഓം പ്രകാശ് സക്ലേചയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. നയങ്ങളില്‍ വന്ന തകരാറുകളാണോ ഇന്ധനവില ഉയരുന്നതെന്ന ചോദ്യത്തോടായിരുന്നു വിചിത്ര മറുപടി.

ജീവിതത്തിലുണ്ടാവുന്ന പ്രയാസങ്ങളാണ് സന്തോഷം തിരിച്ചറിയാന്‍ സഹായിക്കുക. ഒരു ബുദ്ധിമുട്ടുകളും നിങ്ങള്‍ അനുഭവിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് സന്തോഷം ആസ്വദിക്കാന്‍ പറ്റുകയെന്നും ഓം പ്രകാശ് സക്ലേച ചോദിക്കുന്നു. തുടര്‍ന്നും ഇന്ധനവിലയെക്കുറിച്ച് നടത്തിയ ചോദ്യങ്ങളോട് ഓം പ്രകാശ് പ്രതികരിച്ചില്ല. പ്രധാനമന്ത്രി വിലക്കയറ്റം തടയാന്‍ ശ്രമിക്കുന്നില്ലെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും ഓം പ്രകാശ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തെ ക്രൂഡ് ഓയില്‍ വിലയുമായുള്ള താരതമ്യം ചെയ്യലിന് കൊവിഡ് വാക്സിന്‍ വിതരണം ചൂണ്ടിക്കാണിച്ചായിരുന്നു ഓം പ്രകാശിന്‍റെ പ്രതികരണം.

പോളിയോ വാക്സിന്‍ വിതരണം ചെയ്യാന്‍ കോണ്‍ഗ്രസ് 40 വര്‍ഷം സമയം എടുത്തപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയുള്ളതെന്നും ഓം പ്രകാശ് പറയുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. മുംബൈയില്‍ പെട്രോളിന് 107.24 രൂപയായി. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം തേടിയത്.

Scroll to load tweet…


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona