മുംബൈ : ഹാഥ്റാസില് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസിനെ ഉപയോഗിച്ച് കയ്യേറ്റം ചെയ്തതിനെതിരെ ശിവസേന. യുപി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉയര്‍ത്തിയിരിക്കുന്നത്. യുപി പൊലീസില്‍ സ്ത്രീകളില്ലേയെന്നാണ് വിമര്‍ശനം. 

യോഗിജിയുടെ രാജ്യത്ത് വനിതാ പൊലീസില്ലേയെന്നാണ് പ്രിയങ്കയെ കയ്യേറ്റം ചെയ്യുന്ന ചിത്രം പങ്കുവച്ച് സഞ്ജയ് റാവത്ത് ചോദിക്കുന്നത്. പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിക്കുന്ന പൊലീസുകാരന്‍റെ ചിത്രം ഇതിനോടകം രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.  ഇന്നലെ കൊല്ലപ്പെട്ട ദളിത് യുവതിയുടെ ​ഗ്രാമത്തിലെത്തിയ രാഹുലും പ്രിയങ്കയും ഇവരുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹാഥ്റാസിലെത്തി ദളിത് കുടുംബത്തെ സന്ദര്‍ശിക്കാനായത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ഇന്ന പറഞ്ഞു. കുടുംബത്തിന് കടുത്ത അനീതിയാണ് നേരിട്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അവസാനമായി മകളെ ഒന്ന് കാണാന്‍ പോലും അനുമതി ലഭിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.  

ദില്ലി-നോയിഡ ഫ്ലൈവേയിൽ യുപി പൊലീസ് ഒരുക്കിയ കടുത്ത പ്രതിരോധത്തിനൊടുവിൽ കർശന നി‍ർദേശങ്ങൾ പാലിച്ചായിരുന്നു ഇവരുടെ സന്ദര്‍ശനം. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം മുപ്പതോളം കോൺ​ഗ്രസ് എംപിമാരും പുറപ്പെട്ടിരുന്നുവെങ്കിലും രാഹുലിനേയും പ്രിയങ്കയേയും കൂടാതെ അഞ്ച് പേരെ മാത്രമേ ഹത്റാസിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ എന്ന നിലപാടാണ് യുപി പൊലീസ് സ്വീകരിച്ചത്. പൊലീസ് നിലപാട് കടുപ്പിച്ചതിനെ തുടർന്ന് ദില്ലി - നോയിഡ ഫ്ലൈവേയിൽ വച്ച് കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു.