രാജ്യം 140 കോടി ജനങ്ങളുടേതാണ്, ഒരു പാർട്ടിയുടേതല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി
ദില്ലി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേര് നല്‍കിയാല്‍ രാജ്യത്തിന്‍റെ പേര് ബിജെപി എന്നാക്കി മാറ്റുമോയെന്നും കെജ്‍രിവാള്‍ ചോദിച്ചു.
രാജ്യത്തിന്‍റെ പേരുമാറ്റം സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരമൊന്നുമില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാർട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ച് ഇന്ത്യ എന്ന് പേരിട്ടതുകൊണ്ട് മാത്രം കേന്ദ്രം രാജ്യത്തിന്‍റെ പേര് മാറ്റുമോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഒരു പാർട്ടിയുടേതല്ല. സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാൽ, അവർ ഭാരതത്തിന്റെ പേര് ബിജെപി എന്ന് മാറ്റുമോ എന്നും കെജ്‍രിവാള്‍ ചോദിച്ചു.
റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വരുമെന്ന സൂചനകളാണ് രാവിലെ മുതല്‍ പുറത്തുവരുന്നത്. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമമെന്നാണ് വിമര്‍ശനം.
ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് എന്നത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരായ നീക്കമെന്നാണ് കോൺഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ആര്‍ക്കും രാജ്യത്തിന്‍റെ പേര് മാറ്റാന്‍ അധികാരമില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.
ഫാസിസ്റ്റ് ബിജെപി ഭരണത്തെ താഴെയിറക്കാൻ ബിജെപി ഇതര ശക്തികൾ ഒന്നിക്കുകയും അവരുടെ സഖ്യത്തിന് ഇന്ത്യ എന്ന് പേര് നൽകുകയും ചെയ്തതിന് ശേഷമാണ് 'ഇന്ത്യ'യെ 'ഭാരത്' എന്നാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ഇന്ത്യയെ പരിവർത്തനം ചെയ്യുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു. എന്നാൽ 9 വർഷത്തിന് ആകെ ലഭിച്ചത് പേരുമാറ്റം മാത്രമാണെന്ന് സ്റ്റാലിന്‍ സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു.
