മുംബൈ: അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ ക്യാംപസിൽ ഗോശാല നിർമ്മിക്കാനുള്ള നീക്കത്തിലാണ് ഐഐടി ബോംബെ. ഉദ്യോഗസ്ഥരും ക്യാംപസിലെ പശു പ്രേമി അസോസിയേഷനും ചേർന്ന് ക്യാംപസിൽ ഇതിനായി സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ.

ക്യാംപസിനകത്തെ ഹോസ്റ്റൽ കെട്ടിടങ്ങളിൽ നിന്നും അക്കാദമിക് ബ്ലോക്കുകളിൽ നിന്നും അകത്തേക്ക് മാറിയുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രണ്ട് കാളകൾ തമ്മിലുണ്ടായ പോരിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 

തിങ്കളാഴ്ച ബ്രിഹന്മുംബൈ കോർപ്പറേഷന്റെ കാലി പിടുത്ത സംഘം ക്യാംപസിന് മുന്നിൽ നിന്നും അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇവിടുത്തെ താമസക്കാർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പിടികൂടിയ ഒരു കാളയെ ഇതേ സ്ഥലത്ത് ഉപേക്ഷിച്ചാണ് നഗരസഭാ ഉദ്യോഗസ്ഥർ മടങ്ങിയത്. ഐഐടി ക്യാംപസിനകത്ത് മൂന്നിടത്തായി ഏതാണ്ട് 40 ഓളം കാലികൾ അലഞ്ഞുതിരിയുന്നുണ്ട്.

ക്യാംപസിലെ പശു പ്രേമി സംഘത്തിന് ഗോക്കളെ സംരക്ഷിക്കാനുള്ള സ്ഥലം കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്നും, അല്ലാതെ ഐഐടി ഭരണ സമിതിക്ക് ഗോശാല പദ്ധതിയില്ലെന്നും അധികൃതർ പറഞ്ഞു.