പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിയോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് എമിഗ്രേഷന്‍ വകുപ്പ്.
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് എമിഗ്രേഷന്‍ വകുപ്പ്. എക്സ്ചേഞ്ച് പ്രോഗ്രാമിന് വന്ന ജര്‍മന്‍ സ്വദേശിയായ ജേക്കബ് ലിന്‍ഡന്‍ താളെന്ന വിദ്യാര്‍ത്ഥിയോടാണ് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടത്. ഫിസിക്സ് പഠനത്തിനായെത്തിയ ഇയാള്‍ക്ക് ഒരു സെമസ്റ്റര്‍ കൂടി ബാക്കി ഉള്ളപ്പോഴാണ് മദ്രാസ് ഐഐടിയില്‍ നിന്ന് തിരിച്ചയയ്ക്കുന്നത്.
രാജ്യം വിടണമെന്ന് എമിഗ്രേഷൻ വകുപ്പ് ആവശ്യപ്പെട്ടതായി ജേക്കബ് ലിന്‍ഡന്‍ താള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എമിഗ്രേഷൻ ഓഫിസിൽ വിളിച്ച് വരുത്തി നോട്ടീസ് വായിച്ചു. വിസ ചട്ടങ്ങൾ ലംഘിച്ചെന്ന് പറഞ്ഞു. നോട്ടീസിന്റെ പകർപ്പ് പോലും തന്നില്ല. ഉടൻ രാജ്യം വിടണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും ജർമനിയിലേക്ക് തിരിച്ചെന്നും ജേക്കബ് കൂട്ടിച്ചേര്‍ത്തു. വാട്ട്സാപ്പ് സന്ദേശത്തിലൂടെയാണ് ജേക്കബിന്‍റെ പ്രതികരണം.
പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ജേക്കബ് ലിന്‍ഡനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായി മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ അസര്‍ ട്വീറ്റ് ചെയ്തിരുന്നു. പഠനത്തിന് വേണ്ടി മാത്രമാണ് വിസയെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നും വിസയില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ സാധാരണയായി ഇത് നടപ്പിലാക്കാറില്ലെന്ന് അസര്‍ പ്രതികരിച്ചു.

