ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ നടപടി വൈകിയാല്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഒരു വിഭാഗം ഐഐടി വിദ്യാർഥികളുടെ സാംസ്‍കാരിക കൂട്ടായ്മയായ ചിന്താബാർ. അന്വേഷണം ആവശ്യപ്പെട്ട് 
നേരത്തെ ഡയറക്ടർക്ക് നൽകിയ കത്തിൽ തീരുമാനത്തിൽ വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. നടപടി വൈകിയാൽ റിലേ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ചിന്താബാർ സംഘടന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 

അതേസമയം മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയുടെ മരണത്തില്‍ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഫാത്തിമയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍, സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സരയൂ ഹോസ്റ്റലിലെത്തി പരിശോധന നടത്തിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഐഐടിയിലെ അധ്യാപകരില്‍ നിന്നും പ്രതികരണം തേടി. സ്ഥിതി വിലയിരുത്തി എന്നും സത്യം പുറത്ത് വരുമെന്നും ആര്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. മതപരമായ വിവേചനം നേരിട്ടെന്ന കുടുംബത്തിന്‍റെ ആരോപണങ്ങളില്‍ അടക്കം വ്യക്തത ഉണ്ടാകും. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടല്‍ നടത്തില്ലെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.