ലൈസന്‍സ് ഉള്ള തോക്കുകളുടെ വില്‍പനയുടെ മറവിലാണ് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവരുന്ന തോക്കുകളുടെയും വില്‍പന.

ദില്ലി: വിദേശത്ത് നിന്ന് നിയമവിരുദ്ധമായി തോക്കുകളെത്തിക്കുന്ന സംഘങ്ങളും ഉത്തരേന്ത്യയിൽ സജീവം. ലൈസന്‍സ് ഉള്ള തോക്കുകളുടെ വില്‍പനയുടെ മറവിലാണ് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവരുന്ന തോക്കുകളുടെയും വില്‍പന. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം പരമ്പര 'കൈയകലെ കള്ളത്തോക്ക്' തുടരുന്നു.

പ്രാദേശികമായി നിർമ്മിക്കുന്ന തോക്കുകളുടെ വ്യാപാരം നിയമവിരുദ്ധമായി ഉത്തരേന്ത്യയില്‍ നടക്കുന്നു എന്നത് യഥാർത്ഥ്യമാണ്. എന്നാൽ, വിദേശനിർമ്മിത തോക്കുകൾ നിയമവിരുദ്ധമായി വിൽപനയ്ക്കുണ്ടോ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അന്വേഷിച്ചത്. ദില്ലിയിലെ ദ്വാരാപൂരിലാണ് അന്വേഷണം എത്തിയത്. ഫോണിൽ വിളിച്ചത് അനുസരിച്ച് എയർഗൺ ഇടപാടുകൾ നടത്തുന്ന ഏജന്‍റിന്‍റെ അടുത്ത് എത്തി. ഇന്ത്യൻ നിർമ്മിത തോക്കുകളെ കൂടാതെ വിദേശ നിർമ്മിത തോക്കുകളും കിട്ടുമോ എന്ന് അന്വേഷിച്ചാണ് എത്തിയത്. നിമിഷ നേരത്തിനുള്ളില്‍ സാധനം ഏജന്‍റ് മുന്‍പിലെത്തിച്ചു.

കൂടുതല്‍ മോഡലുകൾ കാണണമെന്ന് അറിയിച്ചതോടെ മറ്റൊരു സ്ഥലത്തേക്ക്. എയർഗണിന്‍റെയും എഴ് എംഎം തോക്കിന്റെ മോഡലുകള്‍ നിയമവിരുദ്ധമായി വില്‍ക്കുന്ന വിദേശ തോക്കുകളുടെ വലിയ നിര. ഇവയ്ക്ക് ഒന്നരലക്ഷം രൂപ വരെയാണ് വില. ചെറിയ ഗുണ്ട സംഘങ്ങൾ അല്ല പകരം വൻകിട സംഘങ്ങളാണ് ഇങ്ങനെ വിദേശതോക്കുകളുടെ ഇടപാടുകൾ നടത്തുന്നത്. ഇത്തരം സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് പലപ്പോഴും പൊലീസിനും വലിയ വെല്ലുവിളിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona