അശാസ്ത്രീയവും വ്യാജവുമായ ഒരുല്‍പ്പന്നത്തെ എങ്ങനെയാണ് ആരോഗ്യമന്ത്രി ന്യായീകരിക്കുന്നത്. എന്ത് തരത്തിലുള്ള പരീക്ഷണ, നിരീക്ഷണ അടിസ്ഥാനത്തിലാണ് മന്ത്രി പതഞ്ജലി മരുന്നിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഐഎംഎ ചോദിച്ചു. 

ദില്ലി: പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോക ആരോഗ്യ സംഘടന അനുമതി നല്‍കിയെന്ന അവകാശ വാദത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ സാന്നിധ്യത്തിലാണ് പതഞ്ജലി തലവന്‍ ബാബാ രാംദേവ് കൊവിഡ് മരുന്നിന് ലോക ആരോഗ്യ സംഘടന അനുമതി നല്‍കിയെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍, പതഞ്ജലിയുടെ അവകാശ വാദം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.

ഇതുവരെ കൊവിഡ് മരുന്നിന് അനുമതി നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തുടര്‍ന്നാണ് കേന്ദ്രമന്ത്രിയില്‍ നിന്ന് ഐഎംഎ വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസമാണ് കൊറോണില്‍ ടാബ്ലറ്റിന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ആയുഷ് മന്ത്രാലയം അനുമതി നല്‍കിയെന്ന് ബാബാ രാംദേവ് അറിയിച്ചത്. 

അശാസ്ത്രീയവും വ്യാജവുമായ ഒരുല്‍പ്പന്നത്തെ എങ്ങനെയാണ് ആരോഗ്യമന്ത്രി ന്യായീകരിക്കുന്നത്. എന്ത് തരത്തിലുള്ള പരീക്ഷണ, നിരീക്ഷണ അടിസ്ഥാനത്തിലാണ് മന്ത്രി പതഞ്ജലി മരുന്നിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഐഎംഎ ചോദിച്ചു. മന്ത്രിയില്‍ നിന്ന് രാജ്യത്തിന് വിശദീകരണം വേണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിശദീകരണം ആവശ്യപ്പെടാന്‍ ഐഎംഎ ദേശീയ മെഡിക്കല്‍ കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.