ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ പ്രതീക്ഷയുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. 

ദില്ലി: ജാതി സെൻസസ് അനിവാര്യമാണെന്നും അത് നടപ്പാക്കാൻ വൈകിപ്പോയി എന്നും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പിന്നോക്ക സമുദായത്തിന്റെ അവസ്ഥ അറിഞ്ഞാൽ മാത്രമേ അവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയുകയുള്ളൂ തേജസ്വി യാദവ് വ്യക്തമാക്കി. ബിഹാറിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ആർജെഡിക്ക് ഒപ്പമാണ്. അതിനാൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ പ്രതീക്ഷയുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. 

പുതിയ സെൻസസ് പ്രകാരം ബീഹാറിൽ പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേർ മാത്രമാണുള്ളത്. ബീഹാറിൽ മുസ്ലിം വിഭാഗം 17.6 ശതമാനവുമുണ്ട്. ബീഹാറിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കണക്കുകൾ പുറത്തുവിട്ടത്. 'ഇന്ത്യ' മുന്നണി ജാതി സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുമ്പോൾ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് പുറത്തുവിടുന്നത് പ്രസക്തമാവുകയാണ്. ജാതിസെൻസസ് രാജ്യത്തുടനീളം നടപ്പാക്കുന്നതിൻറെ തുടക്കമാണിതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കുകയും ചെയ്തു.

അതേ സമയം, ബിഹാറിലെ ജാതി സെൻസസിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ നാലാഴ്ചക്കകം മറുപടി നൽകണമെന്ന് സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കേസ് ജനുവരിയിൽ പരി​ഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നടത്തിയ ജാതി അധിഷ്ഠിത സര്‍വേയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി. 

സർക്കാരുകൾ എടുക്കുന്ന തീരുമാനം തങ്ങള്‍ക്ക് തടയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ നീരീക്ഷിച്ചു. ഹർജികളിൽ ബിഹാർ സർക്കാരിന് നോട്ടീസ് അയച്ച കോടതി കേസുകളിൽ ദീർഘവാദം കേൾക്കണമെന്ന് വ്യക്തമാക്കിയാണ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിയത്. സെന്‍സസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇനി കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. 

പൊലീസ് തടഞ്ഞു, മതില്‍ ചാടി കടന്ന് അഖിലേഷ്; ചാട്ടം നല്ലതാ, ഏഷ്യന്‍ ഗെയിംസിലായിരുന്നെങ്കില്‍ മെഡലെന്ന് ബിജെപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്