ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡിഎച്ച്എസ് ആസ്ഥാനത്ത് നിർണായകമായ പകർച്ചവ്യാധി പ്രതിരോധ യോഗങ്ങൾ മുടങ്ങി. ഡോ. റീന കെ.ജെയും ഡോ. മീനാക്ഷിയും ഒരേ പദവിയിൽ തുടരുന്നതിലെ തർക്കമാണ് ഇതിന് കാരണം. നിപ, കുരങ്ങുപനി പോലുള്ള രോഗഭീഷണികൾക്കിടയിലാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്തെ കസേരകളിയിൽ ഇന്ന് മുടങ്ങിയത് നിർണായക യോ​ഗം. ഡിഎച്ച്എസ് ഓഫീസിൽ നടക്കേണ്ട പകർച്ചവ്യാധി പ്രതിരോഗ യോഗങ്ങൾ മുടങ്ങി. രോഗ പ്രതിരോധത്തിന് ചുമതലപ്പെടിയ ഹൈപവർ കമ്മിറ്റി, ഇന്ന് ഡിഎച്ച്എസ് ആസ്ഥാനത്ത് നടത്തിരുന്ന യോഗവും മുടങ്ങി. ഹൈ പവർ കമ്മിറ്റി ചെയർമാൻ യോഗത്തിന് എത്തിയതുമില്ല. നിപ മുതൽ കുരങ്ങുപനിയെ വരെ സംസ്ഥാനം നേരിടുന്ന സമയത്താണ്, ആരോഗ്യവകുപ്പ് ഡയറക്ടർ പോലെയൊരു സുപ്രധാന പദവിയിൽ തർക്കവും നാടകവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീന കെ.ജെയെ സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. വെള്ളിയാഴ്ച രാവിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡോ മീനാക്ഷി മാറാത്തതിനാൽ ഡിഎച്ച്എസിൻറെ കസേരയിലിരിക്കാനായില്ല. ഇതോടെ, റീനയും ഓഫിസിൽ തുടർന്നു. ഇരുവരുടെയും തർക്കം മൂത്തതോടെ ഡിഎച്ച്എസിൽ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി.

വെള്ളിയാഴ്ച രാവിലെ 9.30ഓടെ ഉത്തരവ് പകർപ്പുമായി ഡോ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി. പകരം ചുമതലയുള്ള ഡോ. മീനാക്ഷി അതിനും മുന്നേ ഓഫീസിലുണ്ടായിരുന്നു. ഡോ. റീന ‍ട്രൈബ്യൂണൽ ഉത്തരവ് കാണിച്ചെങ്കിലും ഡോ. മീനാക്ഷി കസേര ഒഴിഞ്ഞില്ല. സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് നിലപാടെടുത്ത് ജോലി തുടർന്നു. അതേസമയം, റീന, ഓഫീസ് സമയം മുഴുവൻ എതിർവശത്തെ കസേരയിലിരുന്നു. റീന പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡോ.മീനാക്ഷി കസേരയിൽ നിന്ന് എഴുന്നേറ്റത്. ഉച്ചയ്ക്ക് ശേഷവും പഴയ ഡിഎച്ച്എസും പുതിയ ഡിഎച്ചഎസും മുഖാമുഖം കസേരകളിൽ ഇരുന്നു. ഓഫീസ് സമയം കഴിഞ്ഞാണ് ഡോ.റീന പുറത്തിറങ്ങിയത്.