ദില്ലി: മൂന്നാം ഘട്ട ലോക്ക് ഡൗണിൽ നൽകിയിരിക്കുന്ന ഇളവുകൾ ജനം ദുരുപയോ​ഗം ചെയ്താൽ ലോക്ക് ഡൗൺ വീണ്ടും കടുപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസ‍ർക്കാ‍ർ. കേന്ദ്ര ആരോ​ഗ്യ-അഭ്യന്തര മന്ത്രാലയങ്ങൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഈ മുന്നറിയിപ്പ് കേന്ദ്രസർക്കാർ നൽകിയത്.

മൂന്നാം ഘട്ട ലോക്ക് ഡൗണിലും രാജ്യത്തെ സ്ഥിതി​ഗതികൾ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര അഭ്യന്തരമന്ത്രാലയം ജോ.സെക്രട്ടറി പുണ്യ ശൈല ശ്രീവാസ്തവ, ആരോ​ഗ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അ​ഗ‍‍ർവാൾ എന്നിവരാണ് വാ‍ർത്താസമ്മേളനത്തിൽ പങ്കെടുത്തത്.  

രാജ്യത്തെ പൊലീസ് ഉദ്യോ​ഗസ്ഥരിൽ കൊവിഡ് രോ​ഗം വ്യാപിക്കുന്ന സാഹചര്യം ആശങ്കാജനകാണെന്ന് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കൊവിഡ് ബാധിത മേഖലകളിലും ചെക്ക് പോസ്റ്റുകളിലും ജോലി ചെയ്യുന്ന പൊലീസുദ്യോ​ഗസ്ഥർക്കായി പ്രത്യേക മാ​ർ​ഗനിർദേശം പുറത്തിറക്കുമെന്നും അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 
 
മൂന്നാം ഘട്ട ലോക്ക് ‍ഡൗണിൽ സോണുകൾ കേന്ദ്രീകരിച്ചാണ് ഇളവുകൾ നൽകിയിരിക്കുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 1074 പേർക്ക് രോ​ഗം ഭേദമായെന്നും കേന്ദ്രം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും കൂടിയ കണക്കാണിത്. രാജ്യത്ത് രോ​ഗമുക്തി നേടുന്ന കൊവിഡ് ബാധിതരുടെ എണ്ണം 27.5 ശതമാനമായി ഉയർന്നതായും കേന്ദ്രസർക്കാ‍ർ അറിയിച്ചു. 

സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പരിഗണിച്ചാണ് അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ അനുവദിച്ചതെന്നും യാത്രയ്ക്കായി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരടെ ചെലവിൽ പതിനഞ്ച് ശതമാനം വഹിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു .ഭൂരിഭാഗം സംസ്ഥാനങ്ങളും ഇത് പാലിച്ചു. ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ നിർദ്ദേശം അനുസരിച്ചില്ലെന്നും കേന്ദ്ര സ‍ർക്കാ‍ർ വിശദീകരിക്കുന്നു.