ദില്ലി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീകരവാദികള്‍ക്ക് റോള്‍ മോഡലാണെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പോര്‍ട്സ് താരങ്ങള്‍ പലര്‍ക്കും മാതൃകയാണ്. നല്ല പെരുമാറ്റം കൊണ്ടും നല്ല ടീം സ്പിരിറ്റ് കൊണ്ടും ധാര്‍മികതകൊണ്ടുമാണ് അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. ഈയടുത്ത് യുഎന്നില്‍ നാം ഒരു മുന്‍ കായികതാരം നടത്തിയ പ്രസംഗം കേട്ടു.

ഇമ്രാന്‍ ഖാന്‍ ഭീകരവാദികള്‍ക്ക് മാതൃകയാകുകയാണ്. കായിക സമൂഹം ഇമ്രാന്‍ ഖാനെ കായിക ലോകത്തു നിന്നും പുറത്താക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം കൂടിയായ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയത് യുദ്ധഭീഷണി പ്രസംഗമാണെന്നാരോപിച്ച് നേരത്തെയും ഗംഭീര്‍ രംഗത്തെത്തിയിരുന്നു. 

മോദി സമാധാനവും വികസനവും വിഷയമാക്കിയപ്പോള്‍ ആണവ യുദ്ധത്തെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു  പാക് പ്രധാനമന്ത്രിയെന്നായിരുന്നു  ഗംഭീര്‍  ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞത്.