ഇവർ പത്രിക സമർപ്പിക്കാനുള്ള ഓഫീസിന് മുന്നിൽ എത്തിയപ്പോൾ രണ്ടുപേർ ഇവരെ ആക്രമിക്കുന്നതും ഇവരുടെ കയ്യിലെ കടലാസുകൾ ആക്രമിച്ച് കൈക്കലാക്കുന്നതും ഒപ്പം ഇവരുടെ സാരി അടക്കം വലിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.
ലക്നോ: തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിന് കളമൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമാജ്വാദി പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ഥിയെ ആക്രമിച്ച് എതിര് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇവരുടെ വസ്ത്രം അഴിച്ചെടുക്കാനും ശ്രമമുണ്ടായി. ലംഖിംപൂര്‍ ഖേരിയിലാണ് സംഭവമുണ്ടായത്. യുപി തലസ്ഥാനമായ ലഖ്നൗവിൽ നിന്നും 130 കിലോമീറ്റർ ആകലെയാണ് ഈ പ്രദേശം. വ്യാഴാഴ്ചയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.
വീഡിയോയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തുന്ന സ്ത്രീയെ കാണാം. ഇവർ പത്രിക സമർപ്പിക്കാനുള്ള ഓഫീസിന് മുന്നിൽ എത്തിയപ്പോൾ രണ്ടുപേർ ഇവരെ ആക്രമിക്കുന്നതും ഇവരുടെ കയ്യിലെ കടലാസുകൾ ആക്രമിച്ച് കൈക്കലാക്കുന്നതും ഒപ്പം ഇവരുടെ സാരി അടക്കം വലിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. എതിർപാർട്ടി സ്ഥാനാർത്ഥി എതിരില്ലാതെ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജയിക്കാമായിരുന്നു ആക്രമണം എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധികാര വെറിപിടിച്ച ഗുണ്ടകൾ എന്നാണ് ആക്രമിച്ചവരെ അഖിലേഷ് യാദവ് ട്വീറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് ഉത്തർപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
പഞ്ചായത്ത് മേധാവികളുടെയും, 825 ബ്ലോക്ക് പ്രമുഖന്മാരുടെയും പദവിയിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് ഒരു ഡസനോളം ആക്രമണ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇത്തരം ഒരു ആക്രമണത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ക്രമസമാധാനം കണ്ണടയ്ക്കുകയും, ജനാധിപത്യം തകരുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക ട്വീറ്റിൽ പറയുന്നത്.
അതേ സമയം പ്രശ്ന സാധ്യതയുള്ള 14 സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് യുപി പൊലീസ് പറയുന്നത്. നേരത്തെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 75 ല്‍ 67 ഇടത്തും ബിജെപി വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് ബ്ലോക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
