മീററ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനാണ് സാഖിബ് ഭാര്യ കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. ലിസാരി ഗേറ്റ് സ്വദേശിനിയായ കൗസർ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാൾ വീട്ടിൽ കയറി കൗസറിനെ കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് സാഖിബ് പൊലീസിനോട് ആദ്യം പറഞ്ഞത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇയാളുടെ ശ്രമം.
ഭാര്യയുടെ മരണത്തിൽ തകർന്നുപോയെന്ന് വരുത്താൻ സാഖിബ് ജനക്കൂട്ടത്തിന് മുന്നിൽ വാവിട്ട് നിലവിളിക്കുകയും നെഞ്ചുവേദന അഭിനയിക്കുകയും ചെയ്തു. ബന്ധുക്കൾ ഇയാളുടെ നെഞ്ച് തിരുമ്മി കൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാൽ ഇയാൾ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുമ്പോൾ ദമ്പതികളുടെ മൂന്ന് പെൺമക്കൾ വീട്ടിലുണ്ടായിരുന്നു. കള്ളന്മാർ കയറി അമ്മയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയാൻ സാഖിബ് കുട്ടികളിൽ ഒരാളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. സാഖിബിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
ഓരോ തവണയും സാഖിബ് മൊഴികൾ മാറ്റിപ്പറഞ്ഞത് പൊലീസിന് എളുപ്പത്തിൽ തിരിച്ചറിയാനായി. പൊലീസ് തെളിവുകൾ നിരത്തിയതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തന്റെ വിവാഹേതര ബന്ധത്തെ കൗസർ എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഒടുവിൽ ഉറങ്ങിക്കിടന്ന കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ച് സാഖിബ് കൊലപ്പെടുത്തുകയായിരുന്നു. മീററ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.


