ദില്ലി: 77 പേജുള്ള വിധിയാണ് ശബരിമല പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടു കൊണ്ട് സുപ്രീം കോടതി ഇന്നു പുറപ്പെടുവിച്ചത്. എന്നാല്‍ ഇതിലാകെ 9 പേജുകളില്‍ മാത്രമാണ് പ്രധാന വിധിയുള്ളത്. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും കൂടി ഭൂരിപക്ഷവിധി പ്രസ്താവിച്ചപ്പോള്‍ അതിനോട് വിയോജിച്ചുകൊണ്ട് രണ്ട് സഹജഡ്ജിമാര്‍ നിലപാട് എടുക്കുകയും അതവര്‍ വിധിന്യായത്തിലെ ന്യൂനപക്ഷവിധിയായി വിവരിക്കുകയും ചെയ്യുന്നുണ്ട്. 

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനുമാണ് വിശാലബെഞ്ചിന് കേസ് വിട്ട നടപടിയോട് വിയോജിക്കുന്നത്. മുസ്‍ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ചേലാകര്‍മ്മം, പാഴ്സി ക്ഷേത്രങ്ങളിൽ മതം മാറി വിവാഹം കഴിച്ച സ്ത്രീകൾക്കുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളുമായി നിരവധി ഹര്‍ജികൾ കോടതിക്ക് മുമ്പാകെയുണ്ട്. ഈ കേസുകളെ പരസ്പരം ബന്ധപ്പെടുത്തി, മതാചാരങ്ങളിൽ കോടതിക്ക് എത്രമാത്രം ഇടപെടാമെന്ന് തീരുമാനിക്കാനാണ് ഏഴംഗ ബെഞ്ചിന് വിട്ടത്.

അതേസമയം ശബരമില കേസിൽ വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് റോഹിന്‍റണ്‍ നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും തങ്ങളുടെ ന്യൂനപക്ഷവിധിയില്‍ വ്യക്തമാക്കുന്നു. ശബരിമലയിലേത് ഒരു മതത്തിന് അനിവാര്യമായ ആചാരങ്ങളല്ല എന്ന് കണ്ടെത്തിയതാണ്. അതിനി പുനപരിശോധിക്കേണ്ടതില്ല. അതിനാൽ എല്ലാ ഹർജികളും തള്ളുന്നു എന്ന് ന്യൂനപക്ഷ വിധി വ്യക്തമാക്കുന്നു.

ഭരണഘടനയാണ് ഇന്ത്യയിലെ പരിശുദ്ധ ഗ്രന്ഥം. കേരളത്തിൽ വിധിക്കെതിരെ സംഘടിത അക്രമം നടന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്. സുപ്രീം കോടതി വിധികൾ ഉപാധികളില്ലാതെ നടപ്പാക്കുകയാണ് വേണ്ടത്. സുപ്രീംകോടതി വിധികള്‍ക്കെതിരെ വരുന്ന പ്രക്ഷോഭങ്ങളെ ശക്തമായി നേരിടണം. അഞ്ചംഗ ബഞ്ച് പരിഗണിച്ചത് ശബരിമല കേസ് മാത്രമാണ്. മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കുന്ന കേസുകൾ ഈ ബഞ്ചിലില്ല. ബഞ്ചിൻറെ പരിഗണനയിൽ ഇല്ലാത്ത മറ്റു വിഷയങ്ങൾ കൂടി ചേർത്ത് വിപുലമായ ബഞ്ചിന് വിടാനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് നരിമാനും വ്യക്തമാക്കുന്നു.  

അയോധ്യകേസിൽ വിധി എഴുതിയെന്ന് കരുതുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് വിശ്വാസത്തിന് ആ വിധിയിൽ മുൻതൂക്കം നല്‍കിയിരുന്നു. എന്നാൽ ശബരിമലയിലെ യുവതിപ്രവേശന വിലക്ക് വിശ്വാസത്തിന്‍റെ ഭാഗമല്ല എന്ന നിലപാട് ജസ്റ്റിസ് ചന്ദ്രചൂഡ് മാറ്റുന്നില്ല. ഇനി വിശാല ബഞ്ച് രൂപീകരിക്കുക അടുത്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ആയിരിക്കും. ജസ്റ്റിസ് ബോബ്ഡെയുടെ ബഞ്ചിലാണ് മുസ്ലിം സ്ത്രീകളുടെ കേസ് എന്നതിനാൽ അദ്ദേഹം തന്നെ അതിന് നേതൃത്വം നല്കാനാണ് സാധ്യത. ചിലപ്പോൾ വിധിക്കായി ജസ്റ്റിസ് ബോബ്ഡെ വിരമിക്കുന്ന രണ്ടായിരത്തി ഇരുപത്തിയൊന്ന് ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വന്നേക്കാം

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ സുപ്രീം കോടതി പുറപ്പെടുവിച്ച പല സുപ്രധാന വിധികളിലും ഭാഗഭാക്കായിരുന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്ന ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ്. അദ്ദേഹം എഴുതിയ വിധിന്യായങ്ങൾ പലതും നിയമവിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനരേഖയായി വിശേഷിപ്പിക്കപ്പെടാറുണ്ട്. . അദ്ദേഹം എഴുതിയ വിധിന്യായങ്ങൾ പലതും നിയമവിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനരേഖയായി വിശേഷിപ്പിക്കപ്പെടാറുണ്ട്.  പക്ഷേ അദ്ദേഹം എഴുതിയ പല സുപ്രധാന വിധിന്യായങ്ങളും ഭിന്നപക്ഷവിധി (‘dissent’) ആയാണ് പരിഗണിക്കപ്പെട്ടത്. (ഒരു കേസില്‍ ഭൂരിപക്ഷ ജഡ്ജിമാരും ഒരേ അഭിപ്രായം എടുത്താല്‍ അതിനെ കോടതി വിധിയായും എതിരായ അഭിപ്രായത്തെ ഭിന്നവിധി അഥവാ ന്യൂനപക്ഷ വിധിയായും പരിഗണിക്കും)

ഏറ്റവും ഒടുവിൽ ശബരിമല സ്ത്രീപ്രവേശന വിധി വിപുലമായ ഭരണഘടന ബെഞ്ചിലേക്ക് ഭൂരിപക്ഷ വിധി പ്രകാരം വിടുമ്പോഴും പുനപരിശോധന ഹർജികളെല്ലാം തള്ളിക്കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഢ് ജസ്റ്റിസ് നരിമാനൊപ്പം വിയോജന വിധി എഴുതി ഭരണഘടന അനുവദിക്കുന്ന തുല്യത അവകാശം ഉയർത്തിപ്പിടിച്ചു.

നേരത്തെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശനിയമത്തിന്‍റെ പരിധിയിലെന്ന് ചില നിബന്ധനകളോടെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോഴും എല്ലാം സുതാര്യമാക്കണമെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ന്യൂനപക്ഷവിധി ശ്രദ്ധേയമായിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിയമത്തിന് അതീതമല്ല. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുന്നത് ജഡ്ജിമാരുടെ തികച്ചും സ്വകാര്യ വിവരങ്ങളിൽ ഉൾപ്പെടുന്നില്ല. ഭരണഘടന ചുമതലകൾ നിർവഹിച്ചുകൊണ്ട് ജഡ്ജിമാർ ജനങ്ങളോടുള്ള കടമ നിറവേറ്റുമ്പോൾ ജൂഡീഷ്യറിക്ക് വേറിട്ട് നിൽക്കാനാവില്ല - ന്യൂനപക്ഷവിധിയില്‍ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുടെ സുതാര്യതയിലേക്ക് നയിച്ച ആദ്യ ചുവടുവെപ്പായ 1981ലെ SP Gupta Vs Union of India കേസിൽ ജസ്റ്റിസ് ഭഗവതി സ്വീകരിച്ച നിലപാട് അടിസ്ഥാനമാക്കണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ന്യൂനപക്ഷവിധി. 

"In any given case, information officer should weigh the public interest Information officer must employ the principle of proportionality. The approach of Bhagwati by SP Gupta should be the standard with which disclosure on appointment process is done,

ഇതിന് മുൻപ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ന്യൂനപക്ഷവിധി പ്രശസ്തമായത് 2018 സെപ്റ്റംബറിൽ ആധാർ കേസിലായിരുന്നു. ഭൂരിപക്ഷ വിധിയുടെ എല്ലാ കണ്ടെത്തലുകളെയും നിരാകരിക്കുന്നതായിരുന്നു 480 പേജുള്ള ചന്ദ്രചൂഡിന്‍റെ ന്യൂനപക്ഷ വിധി. സ്വകാര്യത മൗലികാവകാശമെന്ന ഭരണഘടന ബെഞ്ചിന്‍റെ വിധിയിൽ പറഞ്ഞിരിക്കുന്ന 3 സുപ്രധാന വ്യവസ്ഥകളിൽ രണ്ടും ആധാറിൽ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും ആധാർ ബിൽ മണിബില്ലായി കണക്കാക്കാൻ പറ്റില്ലെന്നുമായിരുന്നു ചന്ദ്രചൂഡിന്‍റെ വിലയിരുത്തൽ

ഭരണനിർവ്വഹണം, സാങ്കേതികവിദ്യ, സ്വാതന്ത്ര്യം ഇവ മൂന്നിന്‍റെയും സമ്മേളനം മനസ്സിലാക്കുന്നതിലാണ് ഈ കേസിന്‍റെ ഭാവിയെന്ന് വിലയിരുത്തിയ ചന്ദ്രചൂഡ് ആധാർ “unique identity” എന്ന യുഐഡിഎഐയുടെ അവകാശവാദത്തെയും ചോദ്യം ചെയ്തു. 

“Identity is necessarily a plural concept. The Constitution also recognises a multitude of identities through the plethora of rights that it safeguards. The technology deployed in the Aadhaar scheme reduces different constitutional identities into a single identity of a 12-digit number, and infringes the right of an individual to identify herself/himself through chosen means,”

ആധാർ കേസിൽ ഭൂരിപക്ഷ വിധിയെക്കാൾ ഏറ്റവും പ്രശസ്തമായത് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ന്യൂനപക്ഷ വിധിയാണ്. ആധാറിന് സമാനമായി ജമൈക്കൻ സർക്കാർ  അവിടെ നാഷണല്‍ ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റം (NIDS) കൊണ്ടുവന്നെങ്കിലും അവിടുത്തെ സുപ്രീം കോടതി ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വിധിന്യായം മാതൃകയാക്കി ആ നിയമം റദ്ദ് ചെയ്തു.

പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ല, സ്വകാര്യത മൗലികാവകാശം, ഐപിസി 377ആം വകുപ്പ് റദ്ദാക്കൽ ( സ്വവർഗ്ഗരതി കുറ്റകരമല്ല ), ശബരിമല സ്ത്രീപ്രവേശനം, അയോധ്യ രാമജന്മഭൂമി തർക്കം തുടങ്ങി പല പ്രമുഖ കേസുകളും ഭരണഘടനാ ബെഞ്ച് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ബെഞ്ചിലുണ്ടായിരുന്നു.  

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധിയിൽ ആർത്തവത്തിന്‍റെ പേരിൽ സ്ത്രീകളോട് വിവേചനം കാട്ടുന്നത്  ഭരണഘടനാ വിരുദ്ധമായ തൊട്ടുകൂടായ്മയാണെന്ന പ്രത്യേക വിധിന്യായം ചന്ദ്രചൂഢിന്‍റേതായി ഉണ്ടായിരുന്നു. ഈ വിധിന്യായം പിന്നീട് വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. 

പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയതിലും സ്വവർഗ്ഗരതി കുറ്റകരമല്ലാതാക്കിയതിലും സ്വന്തം പിതാവും ദീര്‍ഘകാലം ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധികളാണ് ഡിവൈ ചന്ദ്രചൂഢ് തിരുത്തിയെഴുതിയത്. 

ഡിവൈ ചന്ദ്രചൂഢ് - ജീവിതരേഖ

1959 നവംബർ 11ന് ജനനം. സുപ്രീം കോടതിയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്‍റെ മകൻ. 1979ൽ ദില്ലി സെന്‍റ് സ്റ്റീഫൻസ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ ഓണേഴ്സ് നേടിയതിന് ശേഷം 1982ൽ ദില്ലി സർവകലാശാല ക്യാമ്പസ് സെന്‍ററിൽ നിന്നും നിയമബിരുദം നേടി. 1983ൽ അമേരിക്കയിലെ ഹാർവാർഡ് ലോ സ്കൂളിൽ നിന്നും നിയമത്തിൽ മാസ്റ്റർ ബിരുദവും 1986ൽ ഡോക്ടറേറ്റും നേടി

സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവേ തന്നെ Comparative Constitutional Law യിൽ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ ഒക്ക്ലാഹാമോ സർവകലാശാല ലോ സ്കൂളിലും വിസിറ്റിങ് പ്രൊഫസർ കൂടിയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.

2016 മെയ് 13നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. അതിന് മുൻപ് 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മഹാരാഷ്ട്ര ജൂഡിഷ്യൽ അക്കാദമി ഡയറക്ടറുമായിരുന്നു. അതിനും മുൻപ് 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതി ജഡ്ജായിരുന്നു. 1998-2000 കാലത്ത് മഹാരാഷ്ട്ര സർക്കാരിന്‍റെ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്നു അദ്ദേഹം.  

2024 നവംബര്‍ 10- നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടത്. നിലവിലെ സീനിയോറിറ്റി ലിസ്റ്റ് അനുസരിച്ച് 2022  മുതല്‍ രണ്ട് വര്‍ഷമെങ്കിലും അദ്ദേഹമായിരിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. 

തയ്യാറാക്കിയത് - എസ്. ശാലിനി