ലോക് സഭ തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനത്തെകുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളും ഇന്നത്തെ വിശാല യോഗത്തിൽ നടക്കും

ദില്ലി: 'ഇന്ത്യ' സഖ്യത്തിന്‍റെ നാലാമത് വിശാല യോഗം ഇന്ന് ദില്ലിയില്‍ ചേരും. അശോക ഹോട്ടലില്‍ മൂന്ന് മണിക്കാണ് യോഗം. ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ ഉയിർത്തെഴുന്നേൽപ്പാണ് പ്രതിപക്ഷ സഖ്യം ലക്ഷ്യമിടുന്നത്. ഒന്നിച്ച് നിൽക്കേണ്ടത് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യമാണെന്നും, ഇനിയും ഒന്നിച്ചുപോകാനായില്ലെങ്കിൽ 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്നുമുള്ള തിരിച്ചറിവിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.

പ്രളയം, കന്യാകുമാരിയടക്കമുള്ള ജില്ലകളിൽ അവധി; കേന്ദ്ര സഹായം തേടി തമിഴ്നാട്, ഇന്ന് മോദി-സ്റ്റാലിൻ കൂടിക്കാഴ്ച

വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് നിൽക്കേണ്ടതിന്‍റെ ആവശ്യകതയാകും 'ഇന്ത്യ' മുന്നണിയുടെ നാലാം വിശാലയോഗത്തിൽ പ്രധാനമായും ചർച്ചയാകുക. ലോക് സഭ തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനത്തെകുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളും ഇന്നത്തെ വിശാല യോഗത്തിൽ നടക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിയും യോഗം വിലയിരുത്തും.

പാര്‍ലമെന്‍റിലെ അതിക്രമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്ക് കൂട്ട സസ്പെൻഷൻ ലഭിച്ചതടക്കമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്യും. ഇന്നലെ മാത്രം 78 എം പിമാരെയാണ് പാർലമെന്‍റിലെ ഇരു സഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിൽ മൊത്തം 92 പ്രതിപക്ഷ എം പിമാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ തുടര്‍ പ്രതിഷേധ നടപടികളും 'ഇന്ത്യ' സഖ്യത്തിന്‍റെ നാലാം വിശാല യോഗത്തിൽ ചര്‍ച്ചയാകും.

ഒറ്റ ദിവസത്തിൽ 78 എം പിമാർക്ക് സസ്പെൻഷൻ, ഈ സമ്മേളന കാലയളവിൽ മൊത്തം 92 പേർക്ക് സസ്പെൻഷൻ

പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ തിങ്കളാഴ്ച കൂട്ട നടപടിയാണ് ഉണ്ടായത്. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ അടക്കമുള്ളവർക്കെതിരെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. ആദ്യം ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45 എം പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. കോൺഗ്രസിന്‍റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം