മമത ബാനർജി മുംബൈ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. 

ദില്ലി: സീറ്റ് വിഭജന ചർച്ചയിലേക്ക് കടന്ന് ഇന്ത്യ സഖ്യം. ആദ്യ യോഗം 13ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. അതുപോലെ പഞ്ചാബിലും ബംഗാളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം. മമത ബാനർജി മുംബൈ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മമത ബാനർജി ഇടഞ്ഞിട്ടില്ല. മാത്രമല്ല പ്രതിപക്ഷ സഖ്യത്തിനായി ഏറെ താൽപര്യമെടുക്കുന്നത് മമതയാണന്നും കെസി വേണു​ഗോപാൽ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

അതേ സമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തെ നയിക്കാന്‍ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കൺവീനർ ഇല്ല. ഗാന്ധി കുടുംബത്തിൽ നിന്ന് അംഗങ്ങളില്ല. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസ് പാര്‍ട്ടിയിൽ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പ്രതിനിധി ആരെന്ന് പിന്നീട് തീരുമാനിക്കും.

പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാൻ ധാരണയായിട്ടുണ്ട്. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിലാക്കാനാണ് തീരുമാനം. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കൾ വിശദീകരിച്ചത്. 

കെ റെയില്‍ വരുമോ? പുതുപ്പള്ളിയില്‍ ഒരക്ഷരം മിണ്ടാതെ ഇടത് നേതാക്കള്‍, ചോദ്യങ്ങള്‍ക്ക് തന്ത്രപൂർവ്വം മറുപടി