ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ച നീണ്ടേക്കും; ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന ധാരണ നടന്നേക്കില്ലെന്ന് സൂചന
സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം നടത്തും.

ദില്ലി: ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ച നീണ്ടേക്കും. നിയമ സഭ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ധാരണയിലെത്താമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ഇതിനിടെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുന്നത് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബര്‍ അവസാന വാരത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ഇതനുസരിച്ച് ബിഹാര്‍, മഹാരാഷ്ട്ര, തമിഴ് നാട് എന്നിവിടങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
നാല്‍പത് സീറ്റുള്ള ബിഹാറില്‍ ഭൂരിപക്ഷം സീറ്റുകള്‍ ജെഡിയുവും ആര്‍ജെഡിയും പങ്കിട്ട ശേഷം ബാക്കി വരുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയ കോണ്‍ഗ്രസിന് നല്‍കാമെന്ന ഫോര്‍മുലയാണ് തേജസ്വിയാദവ് മുന്നോട്ട് വച്ചത്. മഹാരാഷ്ട്രയിലെ 48 സീറ്റുകള്‍ തുല്യമായി വീതിക്കാമെന്ന ഫോര്‍മുല ചര്‍ച്ചയിലുണ്ടെങ്കിലും ,ചില സീറ്റുകളില്‍ കോണ്‍ഗ്രസും, ശിവസേന ഉദ്ധവ് താക്കറേ വിഭാഗവും ഒരു പോലെ അവകാശവാദം ഉന്നയിക്കാനിടയുണ്ട്. ദില്ലി, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും, ആംആദ്മി പാര്‍ട്ടിയും ധാരണയിലെത്തേണ്ടതുണ്ട്.
സ്പെയിനില്‍ നിന്ന് മമത ബാനര്‍ജി മടങ്ങിയെത്തിയ ശേഷം സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് കടക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുമ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസും, സിപിഎമ്മുമായി ധാരണയിലെത്തുക കടമ്പയായിരിക്കും.നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷം ധാരണയാകാമെന്ന കോണ്‍ഗ്രസ് നിലപാട് കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാനുള്ള നീക്കമാണ്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, തെലങ്കാന എന്നിവിടങ്ങളില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേകള്‍ പ്രവചിക്കുന്നത്. അതേ സമയം തിങ്കളാഴ്ച തുടങ്ങുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം പ്രധാനമന്ത്രിയുടെ പിറന്നാള്‍ വാരാഘോഷത്തിനാണെന്നാണ് തൃണമൂലിന്‍റെ പരിഹാസം.മറച്ചു വച്ചിരിക്കുന്ന അജണ്ട വെളിപ്പെടുത്തുമെന്ന് സമൂഹമാധ്യമമായ എക്സില്‍ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ രാവിലെ വ്യക്തമാക്കിയിരുന്നു.
അതേ സമയം, പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിലും, മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്ക്കരിക്കുന്നതിയും ഇന്ത്യ സഖ്യത്തില്‍ ഭിന്നാഭിപ്രായം. മാധ്യമ ബഹിഷ്ക്കരണം, സനാതന ധര്‍മ്മ വിവാദങ്ങളില്‍ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ബിജെപി വെറുപ്പിന്‍റെ മെഗാമാള്‍ തുറക്കാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന് അനുമതി നല്‍കിയെന്ന് ആരോപിച്ചു.
തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ചയാണ് സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. അജണ്ട സര്‍ക്കാര്‍ പുറത്ത് വിട്ടെങ്കിലും ദുരൂഹത ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസടക്കം ചില പാര്‍ട്ടികള്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണോയെന്ന ചോദ്യം ഉയര്‍ത്തുന്നത്.യോഗത്തില്‍ നിലപാടാണ് കോണ്‍ഗ്രസിനും, ഇടത്പാര്‍ട്ടികള്‍ക്കുമൊക്കെയുള്ളത്.
പട്ടിക തയ്യാറാക്കി അവതാരകരെ ബഹിഷക്കരിക്കാനെടുത്ത തീരുമാനത്തിലുംഇന്ത്യ സഖ്യത്തില്‍ രണ്ടഭിപ്രായമുണ്ട്, കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമായിരുന്നുവെന്നും, തെറ്റായ മാതൃകയാണ് കാട്ടിയതെന്നും ചില പാര്‍ട്ടികള്‍ പരാതിപ്പെട്ടതായാണ് വിവരം. നടപടിയെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനടക്കം വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് മാധ്യമപ്രവര്‍ത്തനം നടത്തിയവരെയാണ് ബഹിഷക്കരിച്ചതെന്നും, നടപടിയില്‍ ഒരു തെറ്റുമില്ലെന്നും കോണ്‍ഗ്രസ് ന്യായീകരിച്ചു.
പ്രധാനമന്ത്രി പ്രതികരിച്ചതിന് പിന്നാലെ സനാതനധര്‍മ്മ വിവാദം ബിജെപി കടുപ്പിച്ചു. സനാതനധര്‍മ്മത്തെ തകര്‍ക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നതെന്ന വിമര്‍ശനം മന്ത്രിമാരും ബിജെപി നേതാക്കളും കടുപ്പിച്ചു. അടിയന്തരാവസ്ഥയുമായി താരതമ്യപ്പെടുത്തി മാധ്യമ ബഹിഷ്ക്കരണത്തെയും അപലപിക്കുകയാണ്. സ്നേഹത്തിന്‍റെ കട എവിടെയും കാണാനാവുന്നില്ലെന്നും വെറുപ്പിന്‍റെ മെഗാമാള്‍ തുറന്ന് കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധിയെ കുത്തി ബിജെപി പരിഹസിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ സനാതന ധര്‍മ്മ വിവാദം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. മധ്യപ്രദേശിലെ റാലിയില്‍ പ്രധാനമന്ത്രി തന്നെ തുടക്കമിടുകയും ചെയ്തു.